// // // */
ഈയുഗം ന്യൂസ് ബ്യൂറോ
August 28, 2018 Tuesday 08:40:12pm
ദോഹ: ഖത്തറിലെ പ്രമുഖ രണ്ടു ബാങ്കുകളായ ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ഇരു ബാങ്കുകളും ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലയന ശേഷം പുതിയ ബാങ്കിന്റെ ആസ്തി 80 ബില്ല്യന്‍ റിയാല്‍ ആയിരിക്കും. പുതിയ ബാങ്കിന്റെ പേര് എന്തായിരിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മറ്റു റെഗുലേറ്ററിഅതോറിറ്റികളില്‍ നിന്നും അനുമതി വാങ്ങുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. പുതിയ ബാങ്ക് ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും മസ്റഫ് അല്‍ റയാന്‍ ബാങ്കും ലയിക്കാന്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു ശേഷം ബര്‍വ ബാങ്കും ഐ.ബി.ക്യൂ വും ലയന ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയായിരുന്നു.
വരുമാനം വര്‍ധിപ്പിക്കാനും ചെലവ് ചുരുക്കാനും ഉപദേശം നല്‍കാന്‍ ഒരു മാനേജ്‌മന്റ് കണ്‍സല്‍ട്ടന്റിനെ നിയമിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു.