// // // */
ഈയുഗം ന്യൂസ് ബ്യൂറോ
August 26, 2018 Sunday 05:23:52pm
ദോഹ: ഹജ്ജ് തീർത്ഥാടനത്തെ വെറും ഒരു സാമ്പത്തിക പ്രക്രിയ മാത്രമായാണ് സൗദി അറേബ്യ കാണുന്നതെന്ന് അന്താരാഷ്‌ട്ര ഹജ്ജ് മോണിറ്ററിങ് സംഘടനയായ അൽ ഹറമൈൻ വാച്ച് ആരോപിച്ചു. ഹജ്ജിനായി സൗദിയിൽ എത്തിയാൽ അപ്രതീക്ഷിതവും ഭീമവുമായ പല ബില്ലുകളാണ് ഹാജിമാരെ കാത്തിരിക്കുന്നതെന്നും സംഘടന ഒരു പ്രസ്താവനയിൽ പറഞ്ഞു.
''വിശുദ്ധ പള്ളികളുടെ സേവനത്തിനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് സൗദി എപ്പോഴും പറയുന്നത്. എന്നാല്‍ സത്യം മറ്റൊന്നാണ്. അമിതമായ ചാർജുകളാണ് അവർ ഹജ്ജിന് വേണ്ടി ഈടാക്കുന്നത്," അൽ ഹറമൈൻ വാച്ച് പറഞ്ഞു.
പല തീർത്ഥാടകരും അമിതമായ ചാർജുകൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഉദാഹരണത്തിന് ഒരു ട്രെയിൻ ടിക്കറ്റിന് 250 സൗദി റിയാൽ, അത് പോലെ അറഫയിലെ ടെൻഡുകള്‍ക്കും ഇലക്ട്രിസിറ്റി, വെള്ളം എന്നിവക്കും ഈടാക്കുന്ന ചാര്ജും വളരെ കൂടുതലാണ്.
തന്‍റെ ഹജ്ജ് കർമം വളരെ ക്ലേശം നിറഞ്ഞതായിരുന്നു എന്ന് ഒരു അൾജീരിയൻ തീർത്ഥാടകൻ അൽ ഹറമൈൻ വാച്ചിനോട് പറഞ്ഞു. ''താമസ സ്ഥലം വളരെ മോശമായിരുന്നു. മാത്രമല്ല ഞങ്ങൾക്ക് ഭക്ഷണം ലഭിച്ചില്ല. കൂടെയുള്ളവരിൽ നിന്നും പണം സ്വരൂപിച്ചാണ് ഞങ്ങൾ ഭക്ഷണം വാങ്ങിയത്. മക്കയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും അമിതമായ ചാർജുകളാണ് ഈടാക്കുന്നത്. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ധാരാളം പണം വേണം,'' അദ്ദേഹം പറഞ്ഞു.
തീർത്ഥാടകരെ സൗദി സർക്കാർ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ് എന്നും സംഘടന പറഞ്ഞു. അത് കൊണ്ട് തന്നെ മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ നടത്തിപ്പിൽ ഇസ്‌ലാമിക സംഘടനകളെയും വിദേശ ഗവർമെന്റുകളെയും ഉൾപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സൗദി അധികൃതർ നടത്തികൊണ്ടിരിക്കുന്ന നഗരവൽക്കരണം പുണ്യ സ്ഥലങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അൽ ഹറമൈൻ പറഞ്ഞു.