ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   02:47:27pm

news



പ്രതിരോധിച്ച തടവുകാരുടെ മുമ്പിൽ കുരക്കുന്ന നായ്ക്കളെ നിർത്തി ഭീഷണിപ്പെടുത്തി.

whatsapp

സനാ: തെക്കൻ യമനിൽ യു.എ.ഇ. യുടെ നിയന്ത്രണത്തിലെന്ന് കരുതുന്ന ഒരു ജയിലിൽ നൂറുകണക്കിന് തടവുകാരെ ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റട് പ്രസ്‌ (എ.പി) റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ. ക്ക് നാണക്കേടുണ്ടാക്കുന്നതും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്‌.

ഏഡനിലെ ബെയർ അഹമ്മദ്‌ ജയിലിൽ യു.എ.ഇ.യിൽ നിന്ന് എന്ന് വിശ്വസിക്കുന്ന 15 ഓഫീസര്‍മാർ തടവുകാരെ വരിയായി നിര്‍ത്തി വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി നിലത്ത് കിടക്കാൻ ആജ്ഞാപിച്ചതായി എ.പി. പറയുന്നു. അതിനുശേഷം ദേഹത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ തിരയുകയാണെന്ന് പറഞ്ഞ് നഗ്നരായ തടവുകാരെ ലൈംഗികമായി പീഡിപ്പിച്ചു.

തടവുകാർ നിലവിളിക്കുകയും കരയുകയും ചെയ്തു. പ്രതിരോധിച്ച തടവുകാരുടെ മുമ്പിൽ കുരക്കുന്ന നായ്ക്കളെ നിർത്തി ഭീഷണിപ്പെടുത്തി, മർദ്ദിച്ചതായും സാക്ഷികൾ എ.പി. യോട് പറഞ്ഞു. യമനിൽ യു.എ.ഇ. യുടെ നിയന്ത്രണത്തിലുള്ള ജയിലുകളിൽ ലൈംഗിക പീഡനം സ്ഥിരമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യു.എ.ഇ. യുടെ "രഹസ്യ" ജയിലുകളെ പറ്റിയും അവിടെ നടക്കുന്ന പീഡനങ്ങളുടെ കുറിച്ചുള്ള വിവരങ്ങളും കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ അന്വേഷണത്തിലാണ് എ.പി. ആദ്യമായി വെളിപ്പെടുത്തിയത്. അതിനെത്തുടര്‍ന്ന് കുറ്റവാളികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന അഞ്ച് ജയിലുകളെ തിരിച്ചറിഞ്ഞതായി എ.പി. അവകാശപ്പെട്ടു.

യു.എ.ഇ. നടത്തുന്നുവെന്ന് പറയപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കഴിഞ്ഞ വർഷം ചോദിച്ചപ്പോൾ ഒരു പെന്റഗൺ വക്താവ് പറഞ്ഞത് യെമനിൽ തടവുകാരെ പീഡിപ്പിക്കുന്നതായി യാതൊരു തെളിവുകളും അമേരിക്ക കണ്ടിട്ടില്ല എന്നാണ്. ഈ ആക്ഷേപങ്ങളോട് യു.എ.ഇ അധികൃതർ പ്രതികരിക്കാൻ വിസമ്മതിച്ചു.

തെക്കേ യമനിലുള്ള ചില പ്രദേശങ്ങളുടെ നിയന്ത്രണം യു.എ.ഇ. യുടെ കയ്യിലാണ്. അൽ-ഖാഇദ അല്ലെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് മുദ്രകുത്തി നൂറുകണക്കിന് ആളുകൾ അവിടെ ഏകദേശം 18 ജയിലുകളിലുണ്ടെന്ന് എ.പി. റിപ്പോര്‍ട്ട്‌ പറയുന്നു.

Comments


Page 1 of 0