// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 11, 2018 Monday 11:24:24pm
ലണ്ടന്‍: ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പതിനായിരക്കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങൾ നിറച്ച വലിയ സ്യൂട്ട്കേസുകൾ വൈറ്റ് ഹൗസ് സഹായികൾക്ക് സൌദി അറേബ്യ കൊടുത്തിരുന്നതായി അന്നത്തെ യുഎസ് ഭരണകൂടത്തിലെ പ്രസംഗം എഴുത്തുകാരനും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേശകനുമായ ബെൻ റോഡസ് പറഞ്ഞു.
"ദി വേൾഡ് ആസ് ഇറ്റ് ഈസ്" എന്ന റോഡസിന്‍റെ പുസ്തകത്തിൽ, 2009 ജൂണിൽ ഒബാമ പ്രസിഡന്റായ ഉടന്‍ സൗദി അറേബ്യയിലേക്ക് നടത്തിയ ഒരു യാത്ര അദ്ദേഹം വിവരിക്കുന്നു.
സൗദിയിൽ എത്തിയ ഉടന്‍ രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ചില വീടുകളിലേക്ക് തന്നെയും മറ്റ് യു.എസ് ഉദ്യോഗസ്ഥരേയും കൊണ്ടുപോയതായി അദ്ദേഹം പുസ്തത്തിൽ ഓര്‍ക്കുന്നു. "എനിക്ക് നല്‍കിയ വീടിന്‍റെ വാതിൽ തുറന്നപ്പോൾ ഒരു വലിയ സ്യൂട്ട്കേസ് ഞാൻ കണ്ടു," റോഡസ് പറയുന്നു. "അതിനകത്ത് മുഴുവൻ ആഭരണങ്ങളായിരുന്നു."
മിഡിൽ ഈസ്റ്റിൽ സൗദി ആയിരിന്നു ഒബാമ ആദ്യം സന്ദര്‍ശിച്ച സ്ഥലം. മുസ്ലിം ലോകത്തിന് അമേരിക്കയുടെ ഒരു സന്ദേശം എന്ന നിലയിൽ പേരുകേട്ട ഒബാമയുടെ കെയ്റോ പ്രഭാഷണം ആ മിഡിൽ ഈസ്റ്റ് പര്യടനത്തിലാണ് നടത്തിയത്. ഒബാമയുടെ പ്രസംഗം എഴുതുമ്പോൾ തന്നെ സ്വാധീനിക്കാൻ വേണ്ടി തന്ന കൈക്കൂലിയാണ് ആ ആഭരണങ്ങൾ എന്നായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് റോഡസ് പറയുന്നു. പക്ഷെ പ്രതിനിധിസംഘത്തിൽ തനിക്കു മാത്രമല്ല ഈ വിലകൂടിയ സമ്മാനങ്ങൾ കിട്ടിയതെന്നു അധികം വൈകാതെ അദ്ദേഹത്തിനു മനസ്സിലായി.
"ഞങ്ങൾക്കെല്ലാം ആഭരണങ്ങൾ നിറച്ച സ്യൂട്ട്കേസുകൾ കിട്ടിയിരുന്നു,” റോഡസ് ഗാർഡിയൻ പത്രത്തോട് പറഞ്ഞു. "ഇത്തരത്തിൽ കിട്ടുന്ന സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്ന യു.എസ് സര്‍ക്കാരിന്‍റെ പ്രോട്ടോക്കോൾ ഓഫീസിലേക്ക് ഞങ്ങൾ എല്ലാവരും ഈ സ്യൂട്ട്കേസുകൾ കൈമാറി. സമ്മാനങ്ങൾ പ്രോട്ടോക്കോൾ ഓഫീസിൽ നിന്ന് വാങ്ങാനുള്ള സ്വാതന്ത്ര്യം ഓരോര്‍ത്തര്‍ക്കുമുണ്ട്. പക്ഷെ അവയുടെ വില കണക്കാക്കി (അത് എത്രയാണെന്ന് ഇപ്പോൾ കൃത്യമായി ഓർക്കുന്നില്ല, പതിനായിരക്കണക്കിന് ആയിരുന്നു എന്നാണു കരുതുന്നത്) ആരും തന്നെ അത് തിരിച്ചുവാങ്ങിയില്ല എന്നാണു എന്‍റെ ഓര്‍മ്മ.”