// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 08, 2018 Friday 10:26:21pm
ദുബായ്: സൗദി അറേബ്യയും യു.എ.ഇ യും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലില്‍ (ജി.സി.സി) നിന്നും മാറി രൂപീകരിച്ച തങ്ങളുടെ മാത്രമായ പുതിയ സൈനിക, വ്യാപാര സഖ്യത്തിന്‍റെ ആദ്യ യോഗം ജിദ്ദയില്‍ ഇന്നലെ നടന്നു. ഇതിന്‍റെ ഭാഗമായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തർ, ബഹ്റൈൻ, സൌദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക കൂട്ടായ്മയായ ജിസിസി കൗൺസിലിലെ അംഗങ്ങളെ ഭിന്നിപ്പിച്ച ഉപരോധത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് സൗദിയും യു.എ.ഇ യും തമ്മിൽ ഒരു പ്രത്യേക സഖ്യം സ്ഥാപിക്കാൻ തീരുമാനിച്ചത്.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഏതാനും ദിവസങ്ങളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന വാര്ത്തകള്‍ക്കിടയിലാണ് ഇരുനേതാക്കന്മാരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയുടെ ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടു.
സൗദി അറേബ്യയും യു.എ.ഇ യും തമ്മിലുള്ള സഖ്യം ജി.സി.സി യുടെ പിളര്‍പ്പ് പൂര്‍ണമാക്കുന്നു. ഒമാനും കുവൈതും ഖത്തറും പ്രത്യേക സഖ്യം രൂപീകരിച്ചിട്ടില്ലെങ്കിലും ഉപരോധത്തില്‍ ഖത്തറിനെ അനുകൂലിക്കുന്ന നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചത്. പുതിയ സൗദി-യു.എ.ഇ സഖ്യത്തോട് കൂടി ജി.സി.സി പൂര്‍ണമായും ശിഥിലമായി.
പുതിയ സഖ്യം കുവൈത്ത് സിറ്റിയിൽ നടന്ന 38-മത്തെ ജി.സി.സി ഉച്ചകോടിയിലായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. രണ്ടു ദിവസം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ആ ഉച്ചകോടി വെട്ടിച്ചുരുക്കി, ഒരൊറ്റ യോഗത്തോടെ അവസാനിപ്പിക്കുകയാണ് ചെയ്തത്.