// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 06, 2018 Wednesday 02:09:54pm
ദോഹ: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്സ് (Fitch Ratings) ഖത്തറിന്റെ സ്ഥാനം നെഗറ്റീവില്‍ നിന്നും സുരക്ഷിതം ആയി (stable) ഉയര്‍ത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്ഷം ഓഗസ്റ്റില്‍ ഈ ഏജന്‍സി ഖത്തരിന്റെ റേറ്റിംഗ് AA മൈനസ് ആയി താഴ്ത്തിയിരുന്നു.
ഉപരോധം സൃഷ്ടിച്ച വ്യാപാര, സാമ്പത്തിക, നയതന്ത്ര പ്രത്യാഘാതങ്ങളെ ഖത്തര്‍ വിജയകരമായി അതിജീവിച്ചു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ ഫിച്ച് പറയുന്നു.
ബാങ്കിംഗ് മേഖല സന്തുലിതാവസ്ഥ കൈവരിച്ചെന്നും രാജ്യത്ത് നിന്നും പുറത്തേക്കുള്ള ഫണ്ടുകളുടെ ഒഴുക്ക് പൂര്‍ണമായും നിലച്ചെന്നും റിപ്പോര്‍ട്ട് പറഞ്ഞു. "കഴിഞ്ഞ വര്ഷം നവംബറിന് ശേഷം പത്ത് ബില്ല്യന്‍ ഡോളര്‍ വിദേശ നിക്ഷേപം ബാങ്കുകളില്‍ തിരിച്ചുവന്നു. കഴിഞ്ഞ വര്ഷം ജൂണ്‍-ഒക്ടോബര്‍ മാസങ്ങളില്‍ സൗദി, യൂ.എ.ഇ. കമ്പനികള്‍ ഖത്തറിലുള്ള അവരുടെ നിക്ഷേപം പിന്‍വലിച്ചത് മൂലം 30 ബില്ല്യന്‍ ഡോളറാണ് രാജ്യത്ത് നിന്നും പുറത്തേക്കു പോയത്."
"വിദേശ നിക്ഷേപം തിരിച്ചുവരുന്നത് മൂലം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളെ സഹായിക്കേണ്ട ആവശ്യകത കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍-ഡിസംബര്‍ മാസങ്ങളില്‍ 40 ബില്ല്യന്‍ ഡോളറാണ് ബാങ്കിംഗ് മേഖല സുസ്ഥിരമാക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ധന മന്ത്രാലയം, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ നല്‍കിയത്," റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തിന്റെ ധനകമ്മി ഗണ്യമായി കുറഞ്ഞെന്നും അടുത്ത വര്ഷം മിച്ചമായിരിക്കുമെന്നും ഫിച്ച് റേറ്റിംഗ്സ് കണക്കു കൂട്ടുന്നു.
ബജറ്റില്‍ എണ്ണ വില ബാരലിന് 57.5 ഡോളറാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴുള്ള ഉയര്‍ന്ന എണ്ണ വില സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ സഹായിക്കും.