// // // */
ഈയുഗം ന്യൂസ് ബ്യൂറോ
June 05, 2018 Tuesday 03:33:37pm
ദോഹ: എല്ലാവർക്കും ബോധ്യമാകുന്ന രീതിയിൽ യഥാർത്ഥ മുഹമ്മദ് ബിൻ സൽമാൻ (എം.ബി.എസ്) ഒന്ന് പുറത്ത് വരുമോ എന്ന് പ്രമുഖ ബ്രിട്ടീഷ് മാഗസിന്റെ അഭ്യര്‍ത്ഥന. സൗദി കിരീടാവകാശിയെ കാണാനില്ല എന്ന വാർത്ത സാമൂഹ്യ, മുഖ്യധാരാ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളിലായി നിറഞ്ഞു നിൽക്കുമ്പോഴാണ് പ്രമുഖ ബ്രിട്ടീഷ് മാഗസിൻ ദ സ്‌പെക്ടേറ്റർ (The Spectator) എം.ബി.എസിനി കുറിച്ച് വിശ്വാസയോഗ്യമായ വിവരങ്ങൾ പുറത്തു വിടാൻ സൗദി അറേബ്യയോട് അഭ്യർത്ഥിച്ചത്.
''32 വയസ്സുള്ള അദ്ദേഹം സുഖമായി ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്തുകൊണ്ട് സമയവും സ്ഥലവും കൃത്യമായി നിർണയിക്കാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോ, അല്ലെങ്കിൽ ഒരു വീഡിയോ, പുറത്ത് വിടുന്നില്ല?" ലേഖകന്‍ ഡാമിയൻ റൈലി ചോദിക്കുന്നു. എം.ബി.എസ് അപ്രത്യക്ഷമായതിന് ശേഷം രണ്ട് സെറ്റ് ഫോട്ടോകളും വീഡിയോയുമാണ് സൗദി അധികൃതർ പുറത്ത് വിട്ടത്. പക്ഷെ അവയിലൊന്നും സമയവും സ്ഥലവും വ്യക്തമല്ല എന്ന് മാഗസിൻ പറയുന്നു.
ഏപ്രിൽ 21 ന് അർദ്ധരാത്രി, രണ്ട് മണിക്കൂറോളം റിയാദിലെ രാജ കൊട്ടാരത്തിൽ വെടിയൊച്ച കേട്ടതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതൊരു അട്ടിമറി ശ്രമമായിരുന്നു എന്ന് ചിലർ അവകാശപ്പെടുമ്പോൾ കൊട്ടാരത്തിനടുത്ത് പറന്ന ഒരു ഡ്രോണിനെ വെടിവെക്കുകയായിരുന്നെന്നാണ് ഔദ്യോഗിക ഭാഷ്യം.
''വെടിവെപ്പ് '' കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം (ഏപ്രിൽ 28 ന് ) എം.ബി.എസ് റിയാദിൽ നിന്നും ഒരു മണിക്കൂർ ദൂരമുള്ള അൽ ഖിദിയ കോംപ്ലക്‌സിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോ റോയൽ പാലസ് പുറത്തുവിട്ടിരുന്നു. ''ഈ ഫോട്ടോ ഏപ്രിൽ 28 ന് എടുത്തതാണെങ്കിൽ വെടിയൊച്ച കേട്ടതിനു ശേഷം എം.ബി.എസ് പങ്കെടുത്ത അവസാനത്തെ പൊതു പരിപാടിയായിരിക്കും ഇത്,'' മാഗസിൻ എഴുതി. പക്ഷെ പുതുതായി ചാർജെടുത്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദ് സന്ദർശിച്ചപ്പോൾ കിരീടാവകാശിയുടെ കൂടെയുള്ള ഒരു ഫോട്ടോയും മാധ്യമങ്ങളില്‍ വന്നില്ല.
മെയ് 17 ന് അധികൃതർ മറ്റൊരു ഫോട്ടോ പുറത്ത് വിട്ടു. ബഹറിൻ രാജാവ്, ഈജിപ്ഷ്യൻ പ്രസിഡന്റ്, അബുദാബി കിരീടാവകാശി എന്നിവരുടെ കൂടെ എം.ബി.എസ് നിൽക്കുന്ന ഈ ഫോട്ടോയെക്കുറിച്ചും രണ്ട് ചോദ്യങ്ങൾ ഉയർന്നു: എപ്പോൾ ? എവിടെ ?
മെയ് 23 ന് പുറത്തുവിട്ട മറ്റൊരു ഫോട്ടോയിൽ കിരീടാവകാശി ഒരു ഔദ്യോകിക മീറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തിയ്യതി വ്യക്തമല്ല. ഒരാഴ്ചക്ക് ശേഷം എം.ബി.എസ് മറ്റൊരു ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ സൗദി അധികൃതർ സി.എൻ.എന്‍ ചാനലിന് നൽകിയെങ്കിലും അതിലും തിയ്യതി വ്യക്തമല്ലെന്ന് ദ സ്‌പെക്ടേറ്റർ (The Spectator ) പറയുന്നു.
എം.ബി.എസ് അപ്രത്യക്ഷമായതിന് ശേഷം സൗദി നിലപാടുകളിൽ മാറ്റം വന്നതായും റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, ഈ അടുത്ത ദിവസങ്ങളിൽ 11 സ്ത്രീ മനുഷ്യാവകാശ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. "സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതടക്കമുള്ള നിരവധി പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന എം.ബി.എസ് ഇത് ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. "
കൊട്ടാരത്തിൽ ഏപ്രിൽ 21 ന് നടന്ന വെടിവെപ്പിൽ എം.ബി.എസിനു വെടിയേറ്റിരുന്നെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എം.ബി.എസിനെ കുറിച്ചുള്ള ദുരൂഹത പെട്ടെന്ന് അവസാനിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്, റിപ്പോർട്ട് പറയുന്നു.
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി എം.ബി.എസ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.