// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 21, 2018 Monday 09:42:58pm
ദോഹ: സൽമാൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാനും, അധികാരം പിടിച്ചെടുക്കാനും വിമത പക്ഷത്തുള്ള സൗദി രാജകുമാരൻ അമ്മാവന്മാരോട് ആഹ്വാനം ചെയ്തു.
രാജകുടുംബാംഗങ്ങളായ അഹമ്മദ് ബിൻ അബ്ദുൾഅസീസ്, മുക്രിൻ ബിൻ അബ്ദുൾഅസീസ് എന്നിവരോടാണ് ഇപ്പോള്‍ ജര്‍മ്മനിയിലുള്ള ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ അഭ്യര്‍ത്ഥന നടത്തിയത്. സൽമാൻ രാജാവിന്‍റെ “യുക്തിഹീനവും, ക്രമംകെട്ടതും, വിവേകശൂന്യവുമായ” ഭരണം രാജ്യത്തിനും, രാജകുടുംബത്തിനും ലോകത്തിനു മുമ്പില്‍ അപമാനം മാത്രമാണ് നല്‍കിയതെന്ന് രാജകുമാരൻ പറഞ്ഞു.
തന്റെ നിലപാടിന് പിന്തുണ അറിയിച്ചുകൊണ്ട് പോലീസിൽനിന്നും സൈന്യത്തിൽ നിന്നും അനേകം ഇ-മെയിൽ സന്ദേശങ്ങൾ കിട്ടിയതായി ഖാലിദ് പറയുന്നു.
അഹമ്മദും, മുക്രിനും യോജിച്ച് പ്രവര്‍ത്തിക്കുകയാണെങ്കിൽ "രാജകുടുംബത്തിലെ 99 ശതമാനം അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും അവരുടെ പിന്നിൽ നിൽക്കുമെന്ന്” മിഡിൽ ഈസ്റ്റ് ഐയുമായുള്ള ഒരു അഭിമുഖത്തിൽ, 2013-ൽ ജർമ്മനിയിൽ രാഷ്ട്രീയ അഭയം ലഭിച്ച, ഖാലിദ് പറഞ്ഞു. "അബ്ദുൾ അസീസിന്‍റെ മക്കളും, എന്റെ അമ്മാവന്മാരുമായ അഹമ്മദിനോടും, മുക്രിനോടും കാര്യങ്ങൾ മെച്ചപ്പെടാൻ വേണ്ടിയുള്ള മാറ്റത്തിന് എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നു,” ഖാലിദ് പറഞ്ഞു. സൗദി രാജകുടുംബത്തിലെ ഒരു അകന്ന അംഗമാണ് ഖാലിദ് രാജകുമാരൻ.
സൽമാൻ രാജാവിന്റെ മൂത്ത സഹോദരന്മാരിൽ ഒരാളായ മമ്ദു ബിൻ അബ്ദുൾഅസീസ് ഇയ്യിടെ നടത്തിയ ചില പ്രസ്താവനകൾ കുടുംബത്തിലുള്ള വ്യാപകമായ നീരസത്തെ സൂചിപ്പിക്കുന്നതായി ഖാലിദ് ചൂണ്ടിക്കാട്ടി. "രാജകുടുംബത്തിനുള്ളിൽ വളരെയധികം അമര്‍ഷം ഉണ്ട്," ഖാലിദ് പറഞ്ഞു.
ആഭ്യന്തര മന്ത്രിയും, അതിനുമുമ്പ് ഡെപ്യൂട്ടി മന്ത്രിയുമായിരുന്ന അഹമ്മദ് അബ്ദുൾഅസീസിന് സുരക്ഷാ സേനയിലെ പ്രധാന വിഭാഗങ്ങളുടെയും ഗോത്രങ്ങളുടെയും പിന്തുണ ഇപ്പോഴുമുണ്ടെന്ന് ഖാലിദ് അഭിപ്രായപ്പെട്ടു.
സല്‍മാൻ രാജാവ് സഹോദരനായ മുക്രിൻ ബിൻ അബ്ദുൾ അസീസിനെയാണ് ആദ്യം കിരീടാവകാശിയായി നിയമിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 2015-ല്‍ മുക്രിനെ മാറ്റി മുഹമ്മദ് ബിൻ നായിഫിനെ കിരീടാവകാശിയാക്കി. അതും കഴിഞ്ഞ് 2017 ജൂണിൽ എം.ബി.എസ്. എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാന് ആ പദവി കൈമാറി.
റിയാദിലെ ഔജാ രാജകൊട്ടാരത്തിനു പുറത്ത്നിന്ന് ഏപ്രിൽ മാസത്തിൽ കേട്ട വെടിവയ്പ്പിനെക്കുറിച്ച് പല അഭ്യൂഹങ്ങളും രഹസ്യമായി പ്രചരിക്കുന്നതിനിടയിലാണ് ഖാലിദിന്റെ ഈ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്. സുരക്ഷാ ഗാർഡുകൾ "ഒരു കളിപ്പാട്ടം പോലത്തെ ഡ്രോണിനെ” വെടിവെച്ചു വീഴത്തിയതിന്റെ ശബ്ദമായിരുന്നു അതെന്നാണ് അന്നത്തെ ഔദ്യോഗിക വിശദീകരണം.
മാത്രമല്ല ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ബിൻ സൽമാൻ മരിച്ചതായ വ്യാജ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി അമേരിക്കൻ ബിസിനസ് ന്യൂസ് പോര്‍ട്ടലായ വാല്യൂവാക്ക് (www.valuewalk.com) റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 21-ന് രാജ കൊട്ടാരത്തിൽ ഒരു അട്ടിമറി ശ്രമം നടന്നുവെന്നും അതിനു ശേഷം കിരീടാവകാശിയെ പൊതുസ്ഥലങ്ങളിൽ കണ്ടിട്ടില്ലെന്നുമാണ് വാര്‍ത്ത പ്രചരിക്കാൻ കാരണമായി പറയുന്നത്.