// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 11, 2018 Friday 05:35:04pm
ദോഹ: ഇന്ത്യയിൽ പുതിയ വിമാന കമ്പനി തുടങ്ങാന്‍ ഖത്തർ എയർവെയ്‌സ് അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വർഷം അവസാനത്തോടെ പുതിയ വിമാന കമ്പനി തുടങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പൂർണമായും ഖത്തർ എയർവെയ്‌സ് നിയന്ത്രണത്തിലും ഉടമസ്ഥതയിലും ഉള്ള കമ്പനി ഇന്ത്യയിൽ ആഭ്യന്തര സർവീസുകള്‍ നടത്തും.
"പുതിയ വിമാന കമ്പനി ഇന്ത്യയിൽ തുടങ്ങുന്നതിനുള്ള അനുമതി തേടി ഖത്തർ എയർവെയ്‌സ് ഇന്ത്യൻ ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ,'' അക്ബർ അൽ ബേക്കർ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഈ പുതിയ നീക്കം.
ഇന്ത്യയിൽ ആഭ്യന്തര സർവീസ് നടത്തുന്ന 20 വിമാനങ്ങൾ ഉള്ള കമ്പനിക്കു അന്തരാഷ്ട്ര സർവീസ് തുടങ്ങാന്‍ പുതിയ വ്യോമയാന നിയമം അനുസരിച്ച് സാധിക്കും. 20 വിമാനങ്ങളുമായി ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കാനാണ് ഖത്തർ എയർവെയ്‌സ് ഉദ്ദേശിക്കുന്നത് എന്ന് അക്ബർ അൽ ബേക്കർ പറഞ്ഞു.
ഖത്തർ എയർവെയ്‌സിന്റെ ഉടമസ്ഥതയില്‍ ആയിരിക്കുമെങ്കിലും പുതിയ കമ്പനിയുടെ ചെയര്‍മാനും ബോര്‍ഡ് മെമ്പര്‍മാരില്‍ ഭൂരിപക്ഷം പേരും ഇന്ത്യക്കാരായിരിക്കുമെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ ഇന്ത്യയിലെ ഹെഡ് ഓഫീസ് ബേംഗളൂര്‍ ആവാനാണ് സാധ്യത.