// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  09, 2018   Wednesday   01:00:00pm

news



വില ഇനിയും കൂടാനാണ് സാധ്യത.

whatsapp

ദോഹ: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയര്‍ന്ന് ഒരു ബാരലിനു 77.20 ഡോളര്‍ ആയി. 2014 നവംബറിന് ശേഷം ആദ്യമായാണ് ഓയില്‍ വില ഇത്ര ഉയര്‍ന്ന നിരക്കിലെത്തുന്നത്.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ട് ട്രംപ് പ്രഖ്യാപിച്ചതാണ് വില കുതിച്ചുയരാനുള്ള കാരണം. ട്രംപിന്റെ തീരുമാനം മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുമെന്നും അത് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ദര്‍ കണക്ക് കൂട്ടുന്നു.

"ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഇറാന്റെ എണ്ണ കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ കുറയും. അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനാല്‍, അമേരിക്കയുമായി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ രാജ്യങ്ങള്‍ മറ്റു മാര്‍ക്കറ്റുകള്‍ തേടും," ഒരു ഓയില്‍ മാര്‍ക്കറ്റ്‌ വിദഗ്ദന്‍ പറഞ്ഞു. ഇറാനെതിരെ ഉപരോധം പിന്‍വലിച്ചതിന് ശേഷം, കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായി ഇറാന്‍ മാറിയിരുന്നു.

എണ്ണ വില വര്‍ധന ഗള്‍ഫ്‌ രാജ്യങ്ങളുടെ സമ്പത് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെങ്കിലും ഇന്ത്യ പോലുള്ള ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ്. വില ഇനിയും കൂടാനാണ് സാധ്യത.

അതേസമയം എണ്ണ വില വര്‍ധനയും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയുടെ മൂല്യത്തില്‍ ഭീമമായ ഇടിവുണ്ടാക്കി. ഇന്ന് ഒരു ഡോളറിന് 67.42 ആയിരുന്നു വിനിമയ നിരക്ക് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്‌ ചെയ്തു. ഡോളറിനെതിരെ 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപ ഇപ്പോള്‍. ഇന്നലെ ഒരു ഡോളറിനു 67.27 രൂപയായിരുന്നു നിരക്ക്. രൂപയുടെ മൂല്യം ഇനിയും താഴുമെന്നാണ് മാര്‍ക്കറ്റ്‌ വിദഗ്ധര്‍ പറയുന്നത്. 2016 ലെ ഏറ്റവും താഴ്ന്ന നിരക്കായ 18.75 എത്താന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

"ഒരു യു.എ.ഇ. ദിര്‍ഹമിനെതിരെ 18.75 കടന്നാല്‍ പിന്നെ രൂപക്ക് ദുരന്തമായിരിക്കും. അങ്ങിനെ സംഭവിച്ചാല്‍ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞ് ഒരു ദിര്‍ഹമിന് ഇരുപത് രൂപ വരെ എത്താം," സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ബ്രോകേര്സ് ചീഫ് അനാലിസ്റ്റ് വിജയ്‌ വലേച്ച ഇന്നലെ ഖലീജ് ടൈംസ്‌ പത്രത്തോട് പറഞ്ഞു.

Comments


Page 1 of 0