// // // */
ഈയുഗം ന്യൂസ് ബ്യൂറോ
May 05, 2018 Saturday 08:58:45pm
ന്യൂ യോര്‍ക്ക്: ശീതയുദ്ധം അവസാനിച്ചതിന് ശേഷം ആഗോള സൈനിക ചെലവുകൾ ഏറ്റവും കൂടിയ നിലയിൽ കഴിഞ്ഞ വർഷം എത്തിയപ്പോൾ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ നില്‍ക്കുന്നതെന്ന് സ്വീഡൻ ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനം പറഞ്ഞു.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലോക സൈനിക ചെലവ് 2017ൽ 1.7 ട്രില്ല്യൺ ഡോളർ ആയിരുന്നുവെന്ന് കണക്കാക്കുന്നു.
അമേരിക്ക സൈനിക ആവശ്യങ്ങൾക്ക് 610 ബില്യൺ ഡോളർ പ്രതിവർഷം ചെലവാക്കി പട്ടികയിൽ ഒന്നാം സ്ഥാനം നില നിര്‍ത്തി. ആഗോള സൈനിക ചെലവുകളിൽ 35 ശതമാനവും യു.എസിന്റെതാണ്. അതിന് താഴെ വരുന്ന ഏഴ് രാജ്യങ്ങളും ഒന്നിച്ച് ചെലവാക്കുന്ന തുകയെക്കാൾ കൂടുതലാണിത്.
അമേരിക്കയുടെ പ്രതിരോധ ബജറ്റിൽ ഈ വർഷം ഇനിയും ഗണ്യമായി വര്‍ദ്ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ചൈന 228 ബില്ല്യൺ ഡോളർ ഒരു വര്‍ഷത്തിൽ ചെലവഴിക്കുന്നുവെന്ന് കണക്കാക്കുന്നു. റഷ്യയെ പിന്തള്ളിയാണ് സൗദി അറേബ്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സൗദി അറേബ്യ 2017ൽ ചെലവഴിച്ചത് 69.4 ബില്യൺ ഡോളറാണ്.