// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 29, 2018 Sunday 01:47:12pm
മസ്കട്: ഒമാൻ ഉൾക്കടലിൽ, ഓക്സിജൻ ഇല്ലാത്ത "മരണ മേഖല" രൂപപ്പെട്ടുവരുന്നതായി ബ്രിട്ടീഷ് ഗവേഷകർ. വലുതായി കൊണ്ടിരിക്കുന്ന ഈ മേഖല മത്സ്യങ്ങള്‍ക്കും, കടല്‍ സസ്യങ്ങൾക്കും വന്‍ ദുരന്തം വരുത്തിവെച്ചിരിക്കയാണ്; അതോടോപ്പം ഭക്ഷണത്തിനും, ജോലിക്കും സമുദ്രത്തെ ആശ്രയിച്ച് കഴിയുന്ന ജനവിഭാഗത്തിനും.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ ഗവേഷകരാണ് ഗൾഫ് ഉൾക്കടലിൽ സ്കോട്ട്ലൻഡിനേക്കാൾ വലുപ്പമുള്ള ഒരു പ്രദേശത്ത് ഓക്സിജന്‍റെ ഗണ്യമായ കുറവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ "മരണ മേഖലയുടെ" വ്യാപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. സീഗ്ലൈഡറുകൾ എന്ന് പേരുള്ള റോബോട്ടുകളെ കടലിൽ 1,000 മീറ്ററിലേറെ ആഴത്തിൽ വിന്ന്യസിച്ചാണ് മേഖലയിലെ വിവരങ്ങൾ ശേഖരിച്ചതെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ ഒരു കുറിപ്പിൽ പറയുന്നു.
ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ കടല്‍ക്കൊള്ള, രാഷ്ട്രീയമായ സംഘർഷങ്ങൾ എന്നിവ കാരണം ഇതുവരെ പോവാന്‍ പറ്റാത്ത പ്രദേശങ്ങളിൽനിന്നും വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. “യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയുടെ ഗവേഷണം അറേബ്യൻ സമുദ്രത്തിന്റെ ഭാഗമായ ഒമാൻ ഉൾക്കടലിൽ ഓക്സിജന്‍റെ വന്‍ കുറവ് ഉണ്ടെന്ന് ഉറപ്പാക്കി. എന്നാൽ പരിസ്ഥിതി ദുരന്തം പ്രതീക്ഷിച്ചതിനേക്കാളും മോശമാണ്," ഒരു പത്രകുറിപ്പ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ “മരണ മേഖലയുള്ള” അറേബ്യൻ കടലിന്റെ ഈ ഭാഗത്ത് കാലാവസ്ഥാ മാറ്റവും, കരകളില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യവും പ്രശ്നം കൂടുതൻ കൂടുതൽ മോശമാക്കുന്നതായി ഗവേഷക സംഘത്തെ നയിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ നിന്നുള്ള ബാസ്റ്റിയൻ ക്വെസ്റ്റ് പറഞ്ഞു.
ഓക്സിജൻ ഇല്ലാത്ത പ്രദേശങ്ങളാണ് ‘ഡെഡ് സോണുകൾ’ (dead zones),” അദ്ദേഹം വിശദീകരിച്ചു. “സമുദ്രം ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കയാണ്.”