// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 21, 2018 Saturday 07:30:20pm
ദോഹ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഒപെക് രാജ്യങ്ങൾക്കെതിരെ തൊടുത്തു വിട്ട ട്വീറ്റ് വിലക്കയറ്റം താൽക്കാലികമായി പിടിച്ചു നിർത്താൻ സഹായിച്ചു. മാത്രമല്ല, വില വർധനയിൽ സന്തോഷം പ്രകടിപ്പിക്കാനും കൂടുതൽ നടപടികൾക്കുമായി ജിദ്ദയിൽ യോഗം ചേർന്ന ഒപെക്ക് പ്രതിനിധികൾ ട്രമ്പിന്റെ ട്വീറ്റ് കണ്ട് അമ്പരന്നു.
ഒപെക്ക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറചത് കൊണ്ടാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വില അഭൂതപൂർവമായി വർധിച്ചുകൊണ്ടിരിക്കുന്നത്.
2014 നവംബറിന് ശേഷം, ഇതാദ്യമായി, കഴിഞ്ഞ വ്യാഴാഴ്ച അന്താരാഷ്‌ട്ര വിപണിയിൽ ഒരു ബാരൽ എണ്ണയുടെ വില 74 ഡോളർ കടന്നു.
"ഒപെക്ക് വീണ്ടും അത് ചെയ്തിരിക്കുന്നു'' ട്രമ്പ് ട്വീറ്റ് ചെയ്തു. ''സർവത്ര എണ്ണയാണ്. കടലിൽ കപ്പലുകളിൽ വരെ എണ്ണ നിറച്ചു വെച്ചിരിക്കുന്നു. പക്ഷെ വില യാന്ത്രികമായി ഉയർത്തിയിരിക്കുകയാണ്. ഇത് നല്ലതിനല്ല. സ്വീകാര്യവുമല്ല'' ട്രമ്പ് ട്വീറ്റില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാതകരാവാൻ പോവുന്ന അമേരിക്കയുടെ എണ്ണ നയത്തിലെ മാറ്റത്തിന്റെ സൂചനയായി ട്വീറ്റ് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ കുതിച്ചു കൊണ്ടിരുന്ന എണ്ണ വില താഴ്ന്നു.
എണ്ണ വില ബാരലിന് എൺപതും നൂറും ഡോളർ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സൗദി അറേബ്യ ഈയിടെ പറഞ്ഞിരുന്നു. ഒപെക്ക് ഉൽപാദനം കുറച്ചതാണ് വില വർധിക്കാനുള്ള പ്രധാന കാരണം. ഉൽപ്പാദക നിയന്ത്രണ ക്ളബ്ബിലേക്ക് ഒപെക്ക് അംഗമല്ലാത്ത റഷ്യയും ചേർന്നതോടെ വില കുതിക്കുകയാണ്.
ഗൾഫ് മേഖലയിലെ സംഘർഷവും ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ വില ഇനിയും കുതിച്ചു കൊണ്ടേയിരിക്കാനാണ് സാധ്യത എന്ന് വിദഗ്തർ അഭിപ്രായപ്പെടുന്നു.