റൂമിൽ എല്ലാവരും നോമ്പുകാരാകുകയും ആ നോമ്പുകാലത്ത് വിഷു വരികയും ചെയ്താൽ എന്തുചെയ്യും?
വിഷുസദ്യയും നോമ്പുതുറയും ഒന്നിച്ചാക്കും എന്നാണു ഞങ്ങളുടെ ഉത്തരം.
നോമ്പെടുക്കുന്ന റൂം മേറ്റ്സിന്റെ നിർബന്ധം കൊണ്ടോ, നോമ്പെടുക്കുന്നവർക്കിടയിലിരുന്ന് ഞാൻ മാത്രം ഭക്ഷണം കഴിക്കുന്നത് കണ്ട് അവർക്കെന്ത് തോന്നും എന്ന് കരുതിയതുകൊണ്ടോ അല്ല ഇത്തവണത്തെ ആദ്യത്തെ നോമ്പൊഴികെ മറ്റു എല്ലാ ദിവസവും അവരെപ്പോലെതന്നെ നോമ്പെടുക്കാൻ ഞാൻ തീരുമാനിച്ചത്.
പാചകവും ഭക്ഷണവും ഏറെ താൽപര്യമുള്ള പോലെ തന്നെയാണു നമ്മൾ പാകം ചെയ്യുന്ന ഭക്ഷണം മറ്റുള്ളവർ കൂടി കഴിക്കുമ്പോൾ, പ്രത്യേകിച്ചും ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷവും സംതൃപ്തിയും. എന്റെ ഭക്ഷണത്തിന്റെ സംതൃപ്തി എന്നാൽ കൂടെയുള്ളവരുടെ കൂടി സംതൃപ്തിയാണെന്ന് ചുരുക്കം.
അതിനാൽത്തന്നെ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് എനിക്ക് അത്ര താൽപര്യമുള്ള കാര്യമല്ല. സ്വന്തമായി പാകം ചെയ്ത ഭക്ഷണം സ്വയം കഴിച്ച് കിടിലനായിട്ടുണ്ട് എന്ന് പറയാൻ പാചകത്തെ സ്നേഹിക്കുന്ന ആർക്കും സാധിക്കുമെന്നും തോന്നുന്നില്ല. മറ്റുള്ളവർ കഴിച്ച് നന്നായിരിക്കുന്നു എന്ന് പറയുമ്പോൾ കിട്ടുന്ന സംതൃപ്തി, അത് ഉണ്ടാക്കിയയാളുടെ വയർ നിറയുന്നതിനേക്കാൾ എത്രയോ വലുതാണുതാനും.
അങ്ങനെ നോമ്പെടുത്ത് ഒന്നിച്ച് ഭക്ഷണമുണ്ടാക്കി, ഒന്നിച്ച് നോമ്പുതുറന്ന് പൊയ്ക്കൊണ്ടിരിക്കെയാണു വിഷു വരുന്നത്.
മത - ദൈവ വിശ്വാസങ്ങൾ ഇല്ലാത്ത എനിക്ക് വിഷുദിനത്തിൽ വിശ്വാസികളായ റൂം മേറ്റ്സിന്റെ ശീലങ്ങളിൽ മാറ്റം വരുത്താനോ അവരെ ഒഴിവാക്കി ഒരു സദ്യ പാർസ്സൽ വാങ്ങി കൊണ്ടുവന്ന് കഴിക്കാനോ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യവുമായിരുന്നു. (റൂം മേറ്റ്സ് എന്ന് പറയുന്നെന്നേയുള്ളൂ. സഹോദരതുല്യരും വർഷങ്ങളായി അറിയുന്നവരും തന്നെയാണു എല്ലാവരും)
അങ്ങനെയാണു "വിഷുനോമ്പുതുറ" എന്ന ആശയത്തിലേക്ക് വരുന്നത്. എല്ലാവരും ഒന്നിച്ച് സദ്യയുണ്ടാക്കുക. പതിവുപോലെ നോമ്പെടുക്കുക. നോമ്പുതുറക്ക് ഇലയിട്ട് സദ്യ കഴിക്കുക.!
കേട്ടപാടെ എല്ലാവർക്കും ഇരട്ടിസന്തോഷം.!
(എന്റെ നോമ്പെന്നാൽ വിശ്വാസത്തിന്റെ ഭാഗമാണെന്ന് കരുതരുത്. കുറച്ചധിക ദിവസം ഭക്ഷണത്തിന്റെ സമയക്രമം മാറ്റുന്നതിനാലും പഴങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും കൂടാതെ ധാരാളം വെള്ളവുമൊക്കെ കുടിച്ച് തടി അൽപം കുറക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണു ഇത്തവണത്തെ നോമ്പെടുക്കലിന്റെ ഉദ്ദേശം. ഇടക്കെപ്പോൾ വിശക്കുന്നോ അപ്പോൾ ഞാൻ ഇതെല്ലാം മറക്കുമെന്നത് വേറെ കാര്യം. ഇന്നുവരെ അങ്ങനെ വിശന്നിട്ടില്ല എന്നതാണു സത്യം. ഉറക്കത്തിൽ നിന്നെണീറ്റ് പുലർച്ചെ രണ്ടുമണിക്കും മൂന്നുമണിക്കും പോയി ടർക്കിഷ് ഷവർമ്മ തിന്നിരുന്നവനാണു ഈയുള്ളവനെന്ന് എന്റെ എല്ലാ സുഹൃത്തുക്കൾക്കും അറിയാവുന്നതുമാണു.)
സാധനങ്ങളുടെയും വിഭവങ്ങളുടെയും ലിസ്റ്റ് ഞാൻ തന്നെ തയ്യാറാക്കി. എല്ലാം കഴിഞ്ഞിട്ട് ഷെയറിടാം എന്നും പറഞ്ഞ് റിയാസിക്ക കാശ് തന്നു, എല്ലാ സാധനങ്ങളും വാങ്ങിപ്പിച്ചു.
വിഷുത്തലേന്നുതന്നെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സകല വിഭവങ്ങൾക്കുമുള്ള പച്ചക്കറികൾ അറഞ്ചം പുറഞ്ചം മുറിച്ചുതന്ന് ഫൈസലിക്ക, ബാക്കി സഹായങ്ങളും തലേന്നുണ്ടാക്കിവയ്ക്കേണ്ടുന്ന പുളിയിഞ്ചി മാങ്ങാക്കറി എന്നിവക്കുള്ള ഫുൾ സപ്പോർട്ടുമായി ഷാൻ റിയാസും, കാരണവരുടെ സ്ഥാനത്തുനിന്ന് നിർദ്ദേശങ്ങളും റൂം ക്ലീനിംഗും പാത്രം കഴുകൽ വരെയായി റിയാസിക്കയും കട്ടക്ക് കൂടെ.
പിന്നെ വിഷുദിനത്തിൽ കിച്ചനിൽ ആദ്യാവസാനം വരെ എല്ലാത്തിനും കൂടെനിന്ന റാഫിക്കയും (സാമ്പാർ ഉണ്ടാക്കിയതും അങ്ങേർ തന്നെ.) ഉച്ചയോടെ വന്ന് മറ്റുസഹായങ്ങൾ ചെയ്ത് റാഫിയും കൂടിയായപ്പോൾ സംഗതി ഫാസ്റ്റ് ആന്റ് ക്ലീൻ.!
ചോറും സാമ്പാറും അവിയലും മാമ്പഴപ്പുളിശേരിയും ബീറ്റ് റൂട്ട് പച്ചടിയും മാങ്ങാക്കറിയും പുളിയിഞ്ചിയും പയർ മെഴുക്കുപുരട്ടിയും പപ്പടവും പഴവും മുളകുകൊണ്ടാട്ടവും മസാലക്കറിയും രസവും പിന്നെ പരിപ്പ് പ്രഥമനും തയ്യാർ. കൂടാതെ പഴം നുറുക്കും ശർക്കരവരട്ടിയും ഉപ്പും നെയ്യും വെള്ളവും ചേർത്തപ്പോൾ 19 കൂട്ടം വാഴയിലയിൽ!
റൂമിലുള്ളവരല്ലെങ്കിലും ഷറഫു പരദൂരും, ഷംസ് കിഴടയിലും രാജേഷേട്ടനും ജോസേട്ടനെന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന മുബാറക്കും അതിഥികളായെത്തി. (ഒരുപാടു പേരെവിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്ഥല- സമയ പരിമിതികളാൽ അതിനു സാധിച്ചില്ല എന്ന സങ്കടം ബാക്കിയുണ്ട്.)
എന്നത്തെയും പോലെ നോമ്പുതുറസമയത്ത് കാരക്കയും വെള്ളവും കൊണ്ട് നോമ്പുതുറന്നു.
അവരുടെ നമസ്കാരവും കഴിഞ്ഞ് വാഴയിലയിൽ സദ്യവിളമ്പി എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു. വിഷുസദ്യയും നോമ്പുതുറയും ആർക്കും പുതിയതല്ലായിരുന്നുവെങ്കിലും വിഷുസദ്യ കഴിച്ചുകൊണ്ടുള്ള നോമ്പുതുറ ആദ്യമായിരുന്നു.
അതിനു കാരണമായതിൽ എനിക്ക് സന്തോഷവുമുണ്ട്.
ഇത്രയും വിശദമായി എഴുതാൻ മാത്രമുള്ള ഒരു കാര്യമാണോ ഇതെന്ന് പലർക്കും തോന്നിയേക്കാം.
പക്ഷേ;
മതത്തിന്റെയും ഭക്ഷണത്തിന്റെയും ആചാരങ്ങളുടെയും പേരുപറഞ്ഞ് തമ്മിൽ തല്ലി ചാകുന്നവരുടെ കാലത്ത്, പേരുകൾക്കുപോലും വിലക്കുകൽപ്പിക്കപ്പെടുന്ന കാലത്ത്, ഏറ്റവുമധികം പുരോഗമന ചിന്താഗതിയും വിദ്യാഭ്യാസ നിലവാരവുമുണ്ടായിട്ടും അന്യമതസ്തർക്ക് പ്രവേശനം നിഷേധിക്കുന്നവരുടെ കാലത്ത്, അവനവന്റെ വിശ്വാസവും വിശ്വാസമില്ലയ്മയും മാത്രമാണു ശ്രേഷ്ഠമായതെന്ന് അന്ധമായി വിശ്വസിച്ച് മറ്റുള്ളവരെയെല്ലാം നിഷ്കരുണം ശത്രുപക്ഷത്തേക്ക് മാറ്റിനിർത്തുന്നവരുടെ ലോകത്ത് ഇതിനു പ്രസക്തിയുണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
നാട്ടിൽനിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും മനുഷ്യൻ ശത്രുക്കളുടെ എണ്ണം കൂട്ടുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കേ ഒരുമതവും രാഷ്ട്രീയവും വിശ്വാസവും വിശ്വാസമില്ലയ്മയും നോക്കാതെ ഒത്തൊരുമിച്ചു പോകാൻ മനസുള്ള ചുരുക്കം ചില മനുഷ്യരെങ്കിലും എനിക്കുണ്ട് എന്നത് അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും പറയാൻ സാധിക്കുന്നു എന്നത് എനിക്കൊരു ചെറിയകാര്യമേയല്ല.
സന്തോഷത്തിൽ മാത്രമാണു ഈ മനുഷ്യർ എന്റെകൂടെയുള്ളൂ എന്ന് കരുതരുത്. മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്നപ്പോളൊക്കെ താങ്ങും തണലുമായി നിന്നവരാണിവരൊക്കെയും. ഇപ്പോഴും അങ്ങനെതന്നെ. ഇനിയങ്ങോട്ടും ഉണ്ടാകുമെന്ന് പൂർണ്ണബോധ്യമാണു നാളെ എന്ന ചിന്തയിലേക്ക് എന്നെ നയിക്കുന്നതും.
എന്റെ പ്രിയപ്പെട്ട മനുഷ്യരേ...
നിങ്ങളെ അടയാളപ്പെടുത്തതെപോയാൽ ഞാൻ എന്നോടുതന്നെ ചെയ്യുന്ന നന്ദികേടാകുമത്.
എന്നും ഇതുപോലെ കൂടെയുണ്ടാവുക.
ഈയുഗം ന്യൂസ്