PERSPECTIVES

"Let me know her vitals each hour,,? Ok???"

"Yes... ഡോക്ടർ....!! " അപ്പുറത്ത് സിസ്റ്റർ മിനി ഉത്തരം നൽകി... ഡോക്ടർ രാജീവ് ഹോസ്പിറ്റലിലേക്ക് വിളിച്ച കോൾ കട്ടാക്കി.... പുലർച്ചെ ആയതുകൊണ്ടോ എന്തോ റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു. തലേദിവസത്തെ ഡ്യൂട്ടിയുടെ കഠിനതയേക്കാൾ ഏറെ അയാളുടെ മനസ്സ് ഓർമ്മകളാൽ കലങ്ങിമറിഞ്ഞു കൊണ്ടിരുന്നു.

നഗരത്തിലെ പ്രശസ്ത ഹോസ്പിറ്റലിലെ ഡോക്ടറാണ് രാജീവ്. കൊറോണ കാരണം ഇപ്പോൾ ലീവ് ഒന്നും എടുക്കാൻ ആർക്കും അനുവാദമില്ല. ഇന്നലെ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ എന്നത്തെയും പോലെ ഒരു ദിവസം അത്രയേ ഉണ്ടായിരുന്നുള്ളൂ.... ഡ്യൂട്ടി കൈമാറുമ്പോൾ ഡോക്ടർ ആമിന പറഞ്ഞു... ഡോക്ടർ.... പുതിയൊരു രോഗി വന്നിട്ടുണ്ട്. ബെഡ് നമ്പർ 43..., ഡയാലിസിസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. പാവം... ദുബായിൽ നിന്ന് വന്നതാണ്. ദുബായിൽ വെച്ച് കൊറോണ വന്നു. അവരുടെ ഭർത്താവ് മരിച്ചുവത്രേ... നാട്ടിലെത്തിയ ഇവരെ ചെറിയ ലക്ഷണങ്ങളോടെ അഡ്മിറ്റ് ആക്കുമ്പോൾ ഇത്ര സീരിയസ് ആകുമെന്ന് ബന്ധുക്കൾ കരുതിയില്ല... ഇപ്പോൾ ARDS സ്റ്റാർട്ട് ചെയ്തിരിക്കുന്നു. കൂടെ ഇന്നലെ മുതൽ ഡയാലിസിസും... ഹോ.. ok ഡോക്ടർ ഞാനൊന്നു കാണട്ടെ... രാജീവ് ഡോക്ടർ ആമിനയോട് പറഞ്ഞു.അയാൾ രോഗികളെ പരിശോധിക്കാൻ ആരംഭിച്ചു.

ഐ.സി.യു.വിൽ നിന്ന് കൂടുതൽ ഗുരുതരമാകുന്ന രോഗികളെയാണ് വെന്റിലേറ്ററിലേക്ക് മാറ്റുന്നത്. ചിലർ ദിവസങ്ങളോളം വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരിക്കും. ചിലർ രോഗം മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങും. ഇപ്പോൾ കിടപ്പിലുള്ള രോഗികളിൽ നാലുപേർ കുറച്ച് ഗുരുതരാവസ്ഥയിലാണ്. ശ്വാസംമുട്ടലും മറ്റും കൂടുമ്പോൾ പരിചരിക്കാൻ സിസ്റ്റർമാർ ഓരോ ബെഡിലും ഉണ്ട്.

ബെഡ് നംമ്പർ 43 യിൽ എത്തിയ ഉടനെ രാജീവ് രോഗിയുടെ ഫയൽ പരിശോധിച്ചു. ഡോക്ടർ ആമിന പറഞ്ഞത് ശരിയാണ്, ഇപ്പോൾ കുറച്ച് സീരിയസ് ആണ്. സാച്ചുറേഷൻ എത്രയുണ്ട്?? ഡോക്ടർ അടുത്തുനിന്ന സിസ്റ്റർ മിനിയോട് ചോദിച്ചു. ഇറ്റ് ഈസ് 25% ഡോക്ടർ... ഓക്കേ.... പെട്ടന്നാണ് രാജീവ്‌ അത് ശ്രദ്ധിച്ചത്... ഈ വിരലുകൾ.. ഇത് എവിടെയോ കണ്ടപോലെ... അയാളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി... അയാൾ വേഗം ഫയലിന്റെ പേജ് മറിച്ചു. അതെ.. ഊഹം തെറ്റിയില്ല.. ഇത് നീലിമ തന്നെ... നീലിമ ജയകാന്തൻ, 32, ഫയലിലെ വലിയ അക്ഷരങ്ങളിൽ അയാളുടെ കണ്ണുകൾ ഉടക്കി. ഈശ്വരാ... ഇതവൾ തന്നെ..... നീലിമ... ഒരിക്കൽ എന്റെ എല്ലാം ആയിരുന്നവൾ... അയാൾ കണ്ണുകളിലെ പതർച്ച സിസ്റ്റർ മിനി കാണാതിരിക്കാൻ ശ്രമിച്ചു. ലോകം മുഴുവൻ അയാൾക്കു ചുറ്റും കറങ്ങുന്നതുപോലെ രാജീവിനു തോന്നി. അന്ന് രാത്രി മുഴുവൻ അയാൾ അസ്വസ്ഥനായിരുന്നു. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ അടുത്തേക്ക് ഒരിക്കൽ കൂടി രാജീവ് പോയി. വെന്റിലേറ്ററിന്റെ ബീപ് ശബ്ദത്തേക്കാൾ ഏറെ അയാളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു. ആ കണ്ണുകൾ... ഏറെക്കാലം ഞാൻ ആരാധിച്ചിരുന്ന മിഴികൾ കൂമ്പി അണഞ്ഞിരുന്നു. കൈകൾ കോർത്തു നടന്ന ആ വിരലുകൾ വാടിത്തളർന്ന പോലെ തോന്നി. രാജീവ് വേഗം അവിടെ നിന്നിറങ്ങി.

അടുത്ത ഡ്യൂട്ടി മാറാൻ കാത്തിരിക്കാൻ അയാൾക്ക് ആയില്ല. ഒരിക്കൽ എന്റെ എല്ലാം എല്ലാം ആയിരുന്നവൾ... കോളേജിൽ ജൂനിയർ ആയിരുന്നു. അത്രത്തോളം പ്രിയപ്പെട്ടവരായി രണ്ടുപേരും ആ കലാലയത്തിൽ പാറി നടന്നു. എപ്പോഴാണ് അകൽച്ച വന്നത്?? നീലിമയുടെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു അവരുടെ ബന്ധത്തിന്. പെട്ടെന്നൊരു ദിവസം അവൾ കോളേജിൽ വരാതെയായി. കാണാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.. പിന്നെ ഒരു ദിവസം ആരോ പറഞ്ഞറിഞ്ഞു.. അവളുടെ വിവാഹം ഉറപ്പിച്ചെന്ന്.... പിന്നീട് എന്തോ കാണാൻ ശ്രമിച്ചില്ല.... ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല... അവളെ ഇനിയും സങ്കടപ്പെടുത്താൻ വയ്യ... രാജീവന് ഒരു ജോലി ആയിട്ടില്ല. അതുകൊണ്ടുതന്നെ നേരിട്ട് പോയി കല്യാണം ആലോചിക്കാൻ പറ്റുകയില്ല. കഠിനം ആണെങ്കിലും മനപ്പൂർവ്വം ഓർമ്മകളെ മറക്കാൻ ശ്രമിച്ചു. പിന്നീട് അറിഞ്ഞു അവൾ വിവാഹം കഴിഞ്ഞ് ദുബായിലേക്ക് പോയെന്ന്... അവളുടെ പഠിത്തമൊക്കെ വീട്ടുകാർ മുടക്കിയിരുന്നു.പിന്നീട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും കാണാൻ ശ്രമിച്ചില്ല. പിന്നീട് രാജീവ് പഠിച്ച് ഡോക്ടറായി. മുറ പെണ്ണായ അമ്മാവന്റെ മകൾ സരോജയെ വിവാഹം ചെയ്തു. ജീവിതം ഒഴുക്കിനൊത്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. നാട്ടിൽ ജോലി സ്ഥിരമായി കിട്ടി ഇങ്ങോട്ട് വന്നപ്പോഴാണ് ലോകം മുഴുവൻ കൊറോണ ബാധിച്ചത്. ജോലിചെയ്ത ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി. ഒരുമാസമായി കൊറോണ ഐസിയുവിലാണ് ഡ്യൂട്ടി.

ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയ അവൾ ഇപ്പോൾ ഒരു ജീവച്ഛവമായി എന്റെ മുന്നിൽ... അയാൾക്ക് കൊറോണ ഡ്യൂട്ടി ആയതിനാൽ ഭാര്യയും മകനും അമ്മാവന്റെ വീട്ടിലാണ്. വീട്ടിലെത്തിയ ഉടൻ രാജീവ് അൽപനേരം കിടന്നു. സാധാരണ ഹോസ്പിറ്റലിൽ പി പി ഇ കിറ്റ് ധരിക്കുന്നത് കാരണം വന്ന ഉടനെ കുളിക്കാറാണ് ആണ് പതിവ്.. ഇന്ന് പക്ഷേ അതിനൊന്നും തോന്നിയില്ല. നീലിമയുടെ മുഖം....... അതുതന്നെയായിരുന്നു മനസ്സിൽ.... പെട്ടെന്നാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്.. അത് പതിവുള്ളതാണ്. അയാൾ വരുന്ന സമയം ഭാര്യ സരോജക്ക് അറിയാം. കുറെ നേരം ഫോൺ ബെല്ലടിച്ചു. അയാൾക്ക് അത് എടുക്കുവാനോ സംസാരിക്കുവാനോ തോന്നിയില്ല. അയാളുടെ മനസ്സിൽ ഓർമ്മകൾ തിരയടിച്ചു. ഒരിക്കൽപോലും നീലിമയെ പിന്നെ ഞാൻ അന്വേഷിച്ചില്ല. അയാളുടെ ഉള്ളിൽ കുറ്റബോധം അലതല്ലി.

കടുത്ത ക്ഷീണം കൊണ്ടോ എന്തോ അയാൾ മെല്ലെ മയക്കത്തിലേക്ക് വീണു.പെട്ടെന്നാണ് അയാളുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്. ഹോസ്പിറ്റലിൽ നിന്ന് സിസ്റ്റർ മിനിയാണ്. ഡോക്ടർ, ഒരു ബാഡ് ന്യൂസ് ഉണ്ട്. ബെഡ് no 43.... ഡെത്ത് ആയി... !!!!അയാൾ അത് കേട്ട മാത്രയിൽ പിടഞ്ഞെണീറ്റു...യു മീൻ നീലിമ????? അയാൾ പ്രജ്ഞ അറ്റപോലെ ചോദിച്ചു. യെസ് ഡോക്ടർ..... സിസ്റ്റർ മിനി ഉത്തരം നൽകി. അവർ കുറച്ചധികം സിക്ക്‌ ആയിരുന്നല്ലോ.... ഒന്നും മറുപടി പറയാൻ ആകാതെ രാജിവ് ഫോൺ കട്ട് ചെയ്തു.

അവർക്ക് ബെഡ് no 43..., പക്ഷെ എനിക്ക്...... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മണിക്കൂറുകൾ കൂടെ ഉണ്ടായിട്ടും അവൾക്കെന്നെ ഒന്നു തിരിച്ചറിയാൻ സാധിച്ചില്ലല്ലോ.... ഇതാണോ ജീവിതത്തിന്റെ ആകസ്മികതകൾ... തന്റെ ശരീരം ചുട്ടുപൊള്ളുന്നതുപോലെ അയാൾക്ക് തോന്നി.... തൊണ്ടയ്ക്ക് എന്തെന്നില്ലാത്ത വേദന.... കാലുകൾ തളരുന്നത് പോലെ.... തന്റെ പ്രിയപ്പെട്ടവൾ ആയിരുന്നവളുടെ നിറുകയിൽ ചുംബിക്കാൻ ഇന്നലെ വ്യാഗ്രത പെട്ടത് മനസ്സിലൂടെ മിന്നിമറഞ്ഞു.... അതെ കൊറോണ.!!!!! അവൻ എന്നെയും പുണർന്നിരിക്കുന്നു.......


ഈയുഗം