ഖത്തര്‍ ഉപരോധത്തിന് ശേഷം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്റർ (Middle East Monitor) എന്ന വെബ്‌സൈറ്റില്‍ ഞാന്‍ ഒരു ലേഖനം എഴുതി - പൗരോഹിത്യ രാഷ്ട്രീയം: സൗദി മതപണ്ഡിതര്‍ ഗള്‍ഫ് പ്രതിസന്ധി കലുഷിതമാക്കിയതെങ്ങിനെ എന്ന തലക്കെട്ടില്‍. മാധ്യമങ്ങള്‍ അധികം വെളിച്ചം വീശാത്ത ഗള്‍ഫ് പ്രതിസന്ധിയുടെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നതായിരുന്നു ലേഖനം. തികച്ചും പ്രാദേശികവും നയതന്ത്രപരവും രാഷ്ട്രീയവുമായ ഒരു തര്‍ക്കത്തിലേക്ക് ഇസ്ലാമിനെ വലിച്ചിഴക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതെങ്ങനെയെന്ന് ഈ പ്രതിസന്ധി മനസ്സിലാക്കിത്തന്നു. ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതാവട്ടെ ഇസ്ലാമിന്റെ ഉറവിടമായ പുണ്യഗേഹങ്ങളുടെ സാന്നിധ്യംകൊണ്ട് ലോകമുസ്ലിംകള്‍ ആദരിക്കുന്ന സൗദി അറേബ്യയും.
ജൂണ്‍ അഞ്ചിന് അഥവാ പരിശുദ്ധ റമദാന്‍ മാസം 10ന് സുപ്രഭാതത്തില്‍ ഖത്തറിന് മേല്‍ അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നിവ ഉപരോധം ഏര്‍പ്പെടുത്തി, കര, വായു, സമുദ്ര ഗതാഗത പാതകള്‍ അടച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പരന്നപ്പോള്‍ ഖത്തറിലെയടക്കം ലോക മുസ്്‌ലിംകളുടെ മനസ്സില്‍ ഉയര്‍ന്ന ചില ചോദ്യങ്ങളുമുണ്ട്: റമദാനില്‍ എന്തിനീ ഉപരോധം? എന്തിനിത്ര ധൃതി? ചുരുങ്ങിയത് റമദാന്‍ തീരുന്നതുവരെയെങ്കിലും കാത്തിരിക്കാമായിരുന്നില്ലേ? ഖത്തരി ജനത കഴിക്കുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്തിരുന്നത് അബൂസംറ വഴിയാണെന്നിരിക്കേ, അതിര്‍ത്തി അടക്കുകവഴി സൗദി ചെയ്തത് വ്രതമനുഷ്ടിക്കുന്ന ഓരോ മുസ്ലിമിനെതിരെയും ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. നാട്ടിലെ മില്‍മയേക്കാള്‍ പതിന്‍മടങ്ങ് മേന്‍മയുണ്ടെന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന അല്‍മറായ് പാലുല്‍പ്പന്നങ്ങള്‍ സുപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍നിന്നും അപ്രത്യക്ഷമായപ്പോള്‍ റമദാന്‍ വിഭവങ്ങള്‍ക്ക് രുചി കുറഞ്ഞു. (ഇംഗ്ലീഷിലും അറബിയിലും ലേബലില്ലാതെ തുര്‍ക്കിയില്‍നിന്നും പറന്നെത്തിയ പാലും മോരും തിരിച്ചറിയാനാകാതെ ഓണമാഘോഷിക്കുന്ന മലയാളികളില്‍ ചിലര്‍ മോരുകൊണ്ട് പായസം വെച്ച കഥയും നാം കേട്ടു.) പിന്നീടുള്ള റമദാന്‍ ദിനങ്ങള്‍ ഉത്കണ്ഠയും ഭീതിയും നിറഞ്ഞതായിരുന്നു. പാപമോചനത്തിനും അനുഗ്രഹത്തിനും പുറമെ സമാധാനത്തിനും യുദ്ധമില്ലായ്മക്കും വേണ്ടി നാം ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
മതവും രാഷ്ട്രീയവും സമൂഹവും ദൃഢമായികെട്ട് പിണഞ്ഞു കിടക്കുന്ന ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ ഉപരോധം നല്‍കിയത് മൂന്ന് പാഠങ്ങളാണ്.
ഒന്ന്: രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ശത്രുതയില്‍ മതമനുശാസിക്കുന്ന സ്‌നേഹ, സാഹോദര്യ, ധാര്‍മിക മൂല്യങ്ങള്‍ക്ക് പുല്ലുവിലയേയുള്ളൂ. നൂറ്റാണ്ടുകളായി മുസ്്‌ലിം രാഷ്ട്രങ്ങളും ഗോത്രങ്ങളും പരസ്പരം പടവെട്ടിയത് ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി മാത്രമായിരുന്നില്ല. മേല്‍ക്കോയ്മക്കും പരമാധികാരത്തിനും കൂടിയായിരുന്നു.
രണ്ട്: ഖത്തറിലെയടക്കം ലോക ഇസ്്‌ലാമിക സമൂഹം ആദരിക്കുന്ന സൗദി പണ്ഡിതസമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ വിശ്വാസ്യതയും നിഷ്പക്ഷതയും കാറ്റില്‍ പരത്തി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി. പൗരോഹിത്യം എപ്പോഴും ഭരണകൂട അനീതികളെ വെള്ളപൂശുന്നവരാണെന്ന ചരിത്രപരമായ ആരോപണത്തിന്റെ തനിയാവര്‍ത്തനം.
ഖത്തറിനെതിരായ നിയമ വിരുദ്ധവും അധാര്‍മികവുമായ ഉപരോധത്തിന് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പരിരക്ഷ നല്‍കാറുള്ള ചില സൗദി പണ്ഡിത പ്രമുഖരുടെ കുത്സിത ശ്രമത്തിന്റെ നിരവധി ഉദാഹരണങ്ങളാണ് ആ സമയത്ത് മിഡീല്‍ ഈസ്റ്റ് ഐ എന്ന ലണ്ടന്‍ ആസ്ഥാനമായ വെബ്‌സൈറ്റ് നിരത്തിയത്.
ഇവയില്‍ ഏറ്റവും വികൃതം സൗദിയിലെ ഉകാദ് പത്രത്തില്‍ മുസ്്‌ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ അനുയായികളായ 200 പണ്ഡിതന്മാര്‍ കൊടുത്ത ഒരു സംയുക്ത പ്രസ്താവനയാണ്.
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഖത്തറിലെ ഏറ്റവും വലുതും മനോഹരവുമായ പള്ളിയുടെ പേര് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 2011 ല്‍ ഉദ്ഘാടനം ചെയ്ത പള്ളിയുടെ നാമത്തില്‍ പെട്ടെന്ന് തോന്നിയ ആസ്വാഭാവികത അവിടെ നിസ്‌കാരമല്ലാതെ മറ്റെന്തെങ്കിലും നടക്കുന്നത് കൊണ്ടല്ല- മറിച്ച് അധികാരികളുമായി ചേര്‍ന്ന് നിന്ന് ഖത്തറിനെ ഒറ്റപ്പെടുത്തി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള മതനേതൃത്വത്തിന്റെ വ്യഗ്രത മൂലമാണ്. അതല്ലെങ്കില്‍ ഭരണാധികാരികളുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കിയതുകൊണ്ട്.
മറ്റു ചില പണ്ഡിതര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രസ്താവനകളുമായി രംഗത്തിറങ്ങി. "പ്രാര്‍ത്ഥനയില്‍ മുസ്്‌ലിംകള്‍ മുഖംതിരിക്കുന്ന ആരാധനാലയത്തിന്റെ കേന്ദ്രമാക്കുക വഴി അല്ലാഹു അനുഗ്രഹിച്ച ഈ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ആളുകളുടെ കാര്യത്തില്‍ നിഷ്പക്ഷതക്ക് ഒരു സ്ഥാനവുമില്ല," പ്രസിദ്ധ പണ്ഡിതന്‍ മുഹമ്മദ് അല്‍ ആരിഫി ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ 18 മില്ല്യന്നോളം അനുയായികളുള്ള അയിദ് അല്‍ ഖര്‍നി പറഞ്ഞതിങ്ങനെ: ''ഞങ്ങളുടെ മതവും രാജ്യവും ഭരണകര്‍ത്താക്കളും ജനങ്ങളും ഒരു ലക്ഷ്മണ രേഖയാണ്. അത് ലംഘിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല.'' ഖത്തറിലെ മുസ്്‌ലിം മറ്റേതോ മതസ്ഥരാണെന്നപോലെ !
ഈജിപതിലെ മുന്‍ മുഫ്തി ഒരു ഇസ്്‌ലാമിക് ബോംബാണ് തൊടുത്ത് വിട്ടത്. വിചിത്രമായ ഒരു ചരിത്ര താരതമ്യത്തിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറിന്റെ നാശം അദ്ദേഹം പ്രവചിച്ചു. ''ഖത്തറിലെ ഇപ്പോഴത്തെ രാജകുടുംബത്തിന്റെ മുന്‍ഗാമികളാല്‍ നയിക്കപ്പെട്ടിരുന്ന ഖവാരിജീങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എ.ഇ. ഇപ്പോള്‍ ഭരിക്കുന്ന ഒരു ഗോത്രത്താല്‍ നശിപ്പിക്കപ്പെട്ടത്‌പോലെ ഇനിയും സംഭവിക്കും,'' അദ്ദേഹം അരുളി. ഖത്തറിലെയും സൗദിയിലെയും മുസ്്‌ലിംകള്‍ ഒരേ ചിന്താധാരയിലാണെന്നിരിക്കെ നിഷ്പക്ഷത പുലര്‍ത്തുന്നതിനും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനും പകരം ഇസ്്‌ലാമിന്റെ മുഖം വികൃതമാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ളതായിപ്പോയി ഈ പ്രതികരണങ്ങള്‍.
മൂന്ന്: സൗദി രാജകുടുംബവും പ്രബലമായ പണ്ഡിത സമൂഹവും തമ്മിലുള്ള ബന്ധത്തില്‍ ഉരുത്തിരിയുന്ന പുതിയ സമവാക്യങ്ങളുടെ പ്രതിഫലനമാണ് പണ്ഡിത പ്രതികരണങ്ങള്‍. 1930-ല്‍ കിംഗ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് സൗദിഅറേബ്യ രൂപീകരിക്കുമ്പോള്‍ പണ്ഡിത സമൂഹവുമായുണ്ടാക്കിയ, മതവും ഭരണവും രണ്ടായി നില്‍ക്കണമെന്ന, പരസ്പരം ഇടപെടരുതെന്ന അലിഖിത കരാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന യുവ കിരീടാവകാശിയുടെ കീഴില്‍ പൊളിച്ചെഴുതപ്പെടുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്്‌ലാമിക ഭീകരത കയറ്റുമതി ചെയ്യുന്നത് സൗദിയാണെന്ന പാശ്ചാത്യന്‍ മാധ്യമങ്ങളുടെ നിരന്തരവും അതിനിശിതവുമായ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ മതമേലധ്യക്ഷന്‍മാരുടെ അപ്രമാദിത്തത്തിന് എം.ബി.എസ്. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ തടയിട്ടു. (സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കെടുത്ത 19 വിമാന റാഞ്ചികളില്‍ 15 പേരും സൗദി പൗരന്മാരായിരുന്നു.) പണ്ഡിതരുടെ അധികാരവും സ്വാതന്ത്ര്യവും വെട്ടിച്ചുരുക്കി 'മുതവ്വ പോലീസി'ന് കടിഞ്ഞാണിട്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗവണ്‍മെന്റിനെതിരെ ശബ്ദിച്ച 20ലധികം പണ്ഡിതരെയും ബുദ്ധിജീവികളെയും അറസ്റ്റ് ചെയ്തു. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജെറൂസലേമിലേക്ക് മാറ്റികൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകമുസ്്‌ലിംകളും നേതാക്കളും അതിരൂക്ഷമായി പ്രതിഷേധിച്ചപ്പോള്‍ വിശുദ്ധ മക്ക-മദീന പള്ളികളിലെ ഇമാമുകള്‍ ഈ വിഷയം വെള്ളിയാഴ്ച പ്രസംഗത്തില്‍ പ്രതിപാദിച്ചില്ല എന്ന അത്ഭുതകരമായ വസ്തുത എം ബി.എസ്സിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട് വരുന്ന സൗദി -ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ അപകടകരമായ പാര്‍ശ്വഫലമാണ്. യാഥാസ്തികതയുടെ ഉച്ചിയില്‍ നിലകൊള്ളുന്ന സൗദി മതനേതൃത്വം ഭരണകൂടത്തിന്റെ വക്താക്കളാക്കി മാറ്റപ്പെട്ടിരിക്കുന്നു. പുരോഹിതരുടെ എതിര്‍പ്പ് മറികടന്ന് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതും രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതും ഈ മാറ്റത്തിന്റെ ശ്ലാഘനീയമായ വശങ്ങളാണ്.
നവംബറില്‍ നിരവധി പ്രമുഖ രാജകുമാരന്മാരെയും മന്ത്രിമാരെയും ബിസിനസ്സുകാരെയും അറസ്റ്റ് ചെയ്ത് റിയാദിനെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലാക്കിയ എം.ബി.എസ് താന്‍ അധികാരമോഹിയല്ലെന്നും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ശുദ്ധീകരണമാണ് താന്‍ നടത്തുന്നതെന്നും വരുത്തിത്തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ്. സൗദികളുടെയും ലോകജനതയുടെയും പിന്തുണ നേടാന്‍ രണ്ട് പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് അഴിമതിക്കെതിരെ കുരിശുയുദ്ധം. രണ്ട്, ഭീകരതയാല്‍ വികൃതമാക്കപ്പെട്ട സൗദി ഇസ്്‌ലാമിന്റെ മുഖം മിനുക്കാനും നവീകരിക്കാനുമുള്ള ദൃഢനിശ്ചയം. ''ലോകത്തിന്റെ മുമ്പിലും മറ്റു മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും ജനതകളുടെയും മുമ്പിലും തുറന്നിട്ട മിതത്വമുള്ള, സന്തുലിതമായ ഒരു ഇസ്്‌ലാമിലേക്ക് സൗദിയെ നയിക്കുകയാണ് എന്റെ ലക്ഷ്യം'', റിയാദില്‍ ഈയിടെ നടന്ന അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ക്ക് കിരീടാവകാശി പ്രിയങ്കരനാകാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?
സൗദി ഭരണകൂടത്തിന്റെ സ്തുതിപാഠകനായ ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രശസ്ത കോളമിസ്റ്റ് തോമസ് ഫ്രീഡ്മാന്‍ ഈയിടെ റിയാദില്‍വെച്ച് എം.ബി.എസ്സിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരു സൗദി മന്ത്രി ഫ്രീഡ്മാനെ ഒരു യൂട്യൂബ് വീഡിയോ കാണിച്ചു. 1950 കളില്‍ പകര്‍ത്തിയ വീഡിയോയില്‍ ചില സ്ത്രീകള്‍ തലമറക്കാതെയും സ്‌കര്‍ട്ട് ധരിച്ചുമുള്ള ചിത്രങ്ങളായിരുന്നു. അത് പോലെ സിനിമാ തിയേറ്ററുകളും ഗാനമേളകളും ''ഇസ്്‌ലാമിനെ പുനര്‍വ്യാഖ്യാനം ചെയ്യുകയല്ല ഞങ്ങള്‍ ചെയ്യുന്നത് മറിച്ച്, 1979 ന് മുമ്പുള്ള അവസ്ഥ വീണ്ടെടുക്കുകയാണ്''എം.ബി.എസ്. ഫ്രീഡ് മാനോട് പറഞ്ഞു. ഫ്രീഡ്മാന്‍ തുടര്‍ന്ന് എഴുതുന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാചകമാണ്. ''ഒരു വിഡ്ഡിക്ക് മാത്രമേ ഇതിന്റെ വിജയം പ്രവചിക്കാന്‍ സാധിക്കൂ.. ഒരു വിഡ്ഡിക്ക് മാത്രമേ അതിനെ പിന്തുണക്കാതിരിക്കാന്‍ കഴിയൂ..''
പൗരോഹിത്യ-ഭരണകൂട സമവാക്യങ്ങളില്‍ കാതലായ മാറ്റങ്ങളാണ് സൗദിയില്‍ വരാനിരിക്കുന്നത്. ഒരു പക്ഷെ മതനേതൃത്വത്തിന്റെ ഭാഗത്ത്നിന്നുള്ള തിരിച്ചടിയില്‍ ഇത് കലാശിക്കാം.പക്ഷേ, ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ മതത്തിന്റെ അതിപ്രസരം മൂലം പൊറുതിമുട്ടുന്ന സൗദി ജനതക്ക് ഈ മാറ്റങ്ങള്‍ അല്പം ശുദ്ധവായു നല്‍കിയേക്കും.
Hussain Ahmad is a former Managing Editor of The Peninsula, Doha.