// // // */
ഈയുഗം ന്യൂസ്
February 13, 2025 Thursday 11:07:06am
ദോഹ: ബുധനാഴ്‌ച രാവിലെ ഹമദ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു എന്ന വാർത്ത പ്രചരിച്ചതുമുതൽ ഖത്തറിലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് ഈസക്ക.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും ഒരു പോലെ പ്രിയപ്പെട്ടവനായിരുന്നു ഈസക്കയെന്നും അദ്ദേഹത്തിന്റെ വിയോഗം എല്ലാവരെയും ഒരേപോലെ ദുഖത്തിലാഴ്ത്തിയെന്നുമാണ് സമൂഹമാധ്യമങ്ങളിലെ അനുശോചന പ്രവാഹവും ആയിരക്കണക്കിന് കമെന്റുകളും സൂചിപ്പിക്കുന്നത്.
ന്യുമോണിയ ബാധിച്ച് മൂന്ന് ദിവസം മുമ്പ് ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ മുഹമ്മദ് ഈസ ബുധനാഴ്ച രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്.
അലി ഇൻ്റർനാഷണൽ ട്രേഡിംഗിൻ്റെ ജനറൽ മാനേജരായിരുന്നു അദ്ദേഹം, ഒരു മനുഷ്യസ്‌നേഹിയായും സംഗീത പ്രേമിയായും ആണ് അദ്ദേഹം കൂടുതൽ അറിയപ്പെട്ടത്. കെഎംസിസി വൈസ് പ്രസിഡൻ്റായിരുന്നു.
ഈസക്കയെ അടുത്തറിയാവുന്ന രണ്ട് പേർ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കിൽ കുറിച്ച വാചകങ്ങൾ പൊതുവികാരത്തെ സംഗ്രഹിക്കുന്നതായിരുന്നു: "ഖത്തറിലെ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന ഏല്ലാവരും എന്തെങ്കിലും പ്രതിസന്ധികളിൽ അകപ്പെട്ടാൽ എല്ലാവരുടെ ചുണ്ടിലും ആദൃം വരുന്ന പേര് ഈസക്ക."
"ആദരാഞ്ജലികൾ എഴുതിയെഴുതി വിരലുകൾ മരവിച്ച് തുടങ്ങിയിരിക്കുന്നു.." മറ്റൊരാൾ എഴുതി.
ലാളിത്യവും പുഞ്ചിരിയുമായിരുന്നു ഈസാക്കയുടെ വ്യക്തിത്വത്തിന്റെ മുഖമുദ്ര.
അദ്ദേഹം തുടങ്ങി വെച്ച ജീവകാരുണ്യ - കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ് എന്ന് മറ്റൊരാൾ രേഖപ്പെടുത്തി.
ഏതാനും വർഷങ്ങൾക്ക് മുമ്പ് തൻ്റെ കമ്പനിയിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചപ്പോൾ, കമ്പനി നിലനിൽക്കുന്നിടത്തോളം മരണമടഞ്ഞ ജീവനക്കാരുടെ ശമ്പളം ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് അയയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് പലരും ഓർമിച്ചു.
മൃതശരീരം അബുഹമൂർ ഖബർസ്ഥാനിൽ ഇന്നലെ മറവുചെയ്തപ്പോൾ മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനും അനുശോചനം അറിയിക്കാനും എത്തിയ നൂറുകണക്കിന് ആളുകളെ ഉൾക്കൊള്ളാനാകാതെ പള്ളിയും പരിസരവും വീർപ്പുമുട്ടി.
1976ൽ ഖത്തറിലെത്തിയ അദ്ദേഹം മുനിസിപ്പാലിറ്റി ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.
ഭാര്യ: നസീമ. മക്കൾ - നജ്‌ല, നൗഫൽ, നാദിർ, നമീർ.
മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്.