// // // */
ഈയുഗം ന്യൂസ്
February 04, 2025 Tuesday 12:36:44am
ദോഹ: ദോഹയിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം 'When the quiet finds you' എം. ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, റേഡിയോ മലയാളം സി. ഇ.ഒ അൻവർ ഹുസൈന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ഇളം തലമുറയിൽ നിന്ന്, വിശാലമായ സഹജീവിസ്നേഹത്തെ ഉയർത്തിപ്പിടിക്കുന്ന, നിലപാടുകളും നിരീക്ഷണപാഠവവുമുള്ള എഴുത്തുകാർ ഉണ്ടാവുന്നത് പുതിയ കാലത്തെ പ്രതീക്ഷയാണെന്ന് ഹമീദ ഖാദർ സൂചിപ്പിച്ചു.
ഹാർമണി ഖത്തറും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറവും ചേർന്ന് അരോമ ദർബാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ. സാബു. കെ സി അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും വിവർത്തകനുമായ ഹുസൈൻ കടന്നമണ്ണ ജീവകാരുണ്യപ്രവർത്ത കനായ സമദ് മാണിക്കോത്തിന് ആദ്യപ്രതി കൈമാറി.
യുവഎഴുത്തുകാരി സമീഹ ജുനൈദ് പുസ്തകപരിചയം നടത്തി സംസാരിച്ചു.
അതിഥികൾക്കുള്ള ഉപഹാരസമർപ്പണം മുഹമ്മദ് അസ്‌ലം, ജൗഹറ എന്നിവർ നിർവഹിച്ചു. ഹബീബുറഹ്മാൻ കിഴിശ്ശേരി, ത്വയ്യിബ ഇബ്രാഹിം, സുഹൈൽ വാഫി, മജീദ് നാദാപുരം, ഷീന ജോൺ, മുനീർ ഒ. കെ, ഹുസൈൻ വാണിമേൽ, ഫാരിസ് അബ്ദുൽഖാദർ, അയ്ഷ ഗാലിബ്, ഹന ഫാത്തിമ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ തൻസിം കുറ്റ്യാടി സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. അൻസാർ അരിമ്പ്ര ശബ്ദം നൽകിയ കവിതകളുടെ ദൃശ്യാവിഷ്കാരം വേദിയിൽ പ്രദർശിപ്പിച്ചു.
സാലിം വേളം, ജംഷിദ് ഹമീദ്, റബിഹ് സമാൻ, അസ്‌ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.