// // // */
ഈയുഗം ന്യൂസ്
January 13, 2025 Monday 06:32:14pm
ദോഹ: ഖത്തറിൽ പൗരന്മാർക്കും താമസക്കാർക്കും ഇനി വിദേശത്ത് നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം.
ഇതുസംബന്ധിച്ച പുതിയ സർക്കുലർ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് പൂർണ്ണ വാറൻ്റി കവറേജും വിൽപ്പനാനന്തര സേവനവും നൽകാൻ രാജ്യത്തെ കാർ ഡീലർമാർക്കും പുതിയ സർക്കുലറിലൂടെ മന്ത്രാലയം നിർദേശം നൽകി.
മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് സ്വദേശികൾ സ്വാഗതം ചെയ്തതായും ഇത് രാജ്യത്ത് കാർ വില കുറയാനും വിപണിയിൽ ആരോഗ്യകകരമായ മത്സരം ഉറപ്പാക്കാനും സഹായിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടതായി അൽ ഷർഖ് പത്രം റിപ്പോർട്ട് ചെയ്തു.
ഉപഭോക്തൃ സംരക്ഷണം 2008 നിയമം നമ്പർ (8) പ്രകാരം പുറപ്പെടുവിച്ച 2025 ലെ സർക്കുലർ നമ്പർ (1) അനുസരിച് വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് സ്‌പെയർ പാർട്‌സും മെയിൻ്റനൻസ് സേവനങ്ങളും നൽകാൻ കാർ ഡീലർമാർ ബാധ്യസ്ഥരാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങളും ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ അനുസരിച്ചായിരിക്കണം. ഈ വാഹനങ്ങൾക്ക് മാത്രമാണ് ഇറക്കുമതി ചെയ്യാൻ അനുമതി.
ഖത്തറിൽ പല കാറുകൾക്കും മറ്റു ഗൾഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെന്നും മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ എല്ലാവര്ക്കും, പ്രത്യേകിച്ച് യുവാക്കൾക്ക്, ഗുണം ചെയ്യുമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടതായി അൽ ഷർഖ് റിപ്പോർട്ടിൽ പറയുന്നു.