// // // */
ഈയുഗം ന്യൂസ്
December 02, 2024 Monday 08:08:55pm
ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും ചാൾസ് രാജാവ് മൂന്നാമൻ്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ലണ്ടനിലെത്തി.
സ്റ്റാൻസ്റ്റഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അമീറിനെയും പത്നിയെയും ചാൾസ് രാജാവിന്റെ പ്രതിനിധി, ബ്രിട്ടനിലെ ഖത്തർ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനി, ഖത്തറിലെ ബ്രിട്ടീഷ് അംബാസിഡർ നീരവ് പട്ടേൽ, മറ്റു ഖത്തർ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഹിസ് ഹൈനസിൻ്റെ സന്ദർശനത്തെ സ്വാഗതം ചെയ്തും ആഘോഷിച്ചും ബ്രിട്ടന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച അമീറിൻ്റെ വിമാനത്തെ രണ്ട് ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് യുദ്ധവിമാനങ്ങൾ അനുഗമിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
ഖത്തർ അമീറിനെ സ്വീകരിക്കാൻ ലണ്ടനിലെ തെരുവുകൾ ഖത്തർ പതാകകളാൽ അലങ്കരിച്ചിട്ടുണ്ട്.