// // // */
ഈയുഗം ന്യൂസ്
November 17, 2024 Sunday 02:34:26pm
ദോഹ: ഇന്ന്, നവംബർ 17, മുതൽ ഫ്ലൈറ്റുകളിൽ വിതരണം ചെയ്യുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണം (ചിക്കൻ, മട്ടൺ) ഹലാൽ സർട്ടിഫൈഡ് ആയിരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഹലാൽ ഭക്ഷണം ആവശ്യമുള്ള യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും അവർക്ക് ഹലാൽ ഭക്ഷണം നൽകുമെന്നും പത്രക്കുറിപ്പിലും ട്രാവൽ ഏജൻ്റുമാർക്കുള്ള സന്ദേശത്തിലും എയർലൈൻ വ്യക്തമാക്കി.
അതേസമയം, ഹജ്ജ് വിമാനങ്ങളിൽ ഉൾപ്പെടെ സൗദി സെക്ടറിൽ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണങ്ങളും ഹലാൽ സെർട്ടിഫൈ ആയിരിക്കും.
ദോഹയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ഉൾപ്പെടെ ഗൾഫ് സെക്ടറിലെ മുസ്ലീം യാത്രക്കാരെ എയർ ഇന്ത്യയുടെ തീരുമാനം പ്രത്യേകിച്ച് ബാധിക്കും. ഇതുവരെ ഹലാൽ നോൺ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു എയർ ഇന്ത്യ നൽകിയിരുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഇനി ഹലാൽ ഭക്ഷണം ലഭിക്കുക.
"MOML (മുസ്ലിം ഭക്ഷണം): മുൻകൂട്ടി ബുക്ക് ചെയ്ത 'MOML' സ്റ്റിക്കർ പതിച്ച ഭക്ഷണം ഇനി സ്പെഷ്യൽ ഭക്ഷണമായി (SPML) പരിഗണിക്കും. മുൻകൂട്ടി ബുക്ക് ചെയ്ത MOML ഭക്ഷണത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകൂ. ഹജ് വിമാനങ്ങൾ ഉൾപ്പെടെ സൗദി സെക്ടറുകളിലെ എല്ലാ ഭക്ഷണവും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന സെക്ടറുകളിൽ ഹലാൽ സർട്ടിഫിക്കറ്റ് നൽകും," എയർ ഇന്ത്യ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വിസ്താര എയർ ഇന്ത്യയുമായി ലയിച്ചതിന് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ദോഹയിൽ നിന്ന് കൊച്ചി, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.
വിമാനങ്ങളിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ ചില ഗ്രൂപ്പുകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.