// // // */ E-yugam


ഈയുഗം ന്യൂസ്
November  11, 2024   Monday   06:50:11pm

news



whatsapp

ദോഹ: മുട്ട ഇറക്കുമതിയിൽ ഖത്തർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ തമിഴ്‌നാട്ടിലെ നാമക്കലിലെ കോഴി കർഷകർ ആശങ്കയിലാണെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ പുതിയ മുട്ട ഇറക്കുമതി നിയന്ത്രണങ്ങൾ അനുസരിച്ച്, ‘എഎ’, ‘എ’ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള മുട്ടകൾ മാത്രമേ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കൂ എന്ന് നാമക്കലിലെ കോഴി കർഷകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

70 ഗ്രാമിന് മുകളിൽ ഭാരമുള്ള മുട്ടകളെ AA വിഭാഗത്തിലും 60 ഗ്രാമിന് മുകളിൽ തൂക്കമുള്ളവയെ എ എന്നുമാണ് തരംതിരിച്ചിട്ടുള്ളത്.50 ഗ്രാം ഭാരമുള്ള മുട്ടകളെ ‘ബി’ ആയും 50 ഗ്രാമിൽ താഴെയുള്ളവയെ ‘സി’ ആയും തരം തിരിച്ചിരിക്കുന്നു.

നാമക്കലിൽ നിന്ന് വിതരണം ചെയ്യുന്ന മുഴുവൻ മുട്ടകളും ‘ബി’ വിഭാഗത്തിൽ പെട്ടതാണ്, അതായത് തമിഴ്‌നാട്ടിലെ ഈ പൗൾട്രി ഹബ്ബിൽ നിന്ന് ഖത്തറിലേക്ക് അയക്കുന്ന മുഴുവൻ മുട്ടകളും നിരസിക്കപ്പെടും,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.

നാമക്കലിൽ നിന്ന് ഖത്തറിലേക്കുള്ള അഞ്ച് കോടി രൂപ വിലമതിക്കുന്ന ഒരു കോടി മുട്ടകൾ നിലവിൽ തിരസ്‌കരിക്കപ്പെടാൻ സാധ്യതയുള്ളതായി ലൈവ്‌സ്റ്റോക്ക് അഗ്രി ഫാർമേഴ്‌സ് ട്രേഡ് അസോസിയേഷൻ (ലിഫ്റ്റ്) ജനറൽ സെക്രട്ടറി ഡോ.പി.വി സെന്തിൽ പറഞ്ഞു.

നാൽപ്പത് വർഷത്തിലേറെയായി ഇന്ത്യൻ ടേബിൾ മുട്ടകളുടെ പ്രാഥമിക ഇറക്കുമതിക്കാരാണ് ഖത്തർ. ഈ മുട്ടകളുടെ സിംഹഭാഗവും നാമക്കലിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയിലെ മുട്ട കയറ്റുമതിയുടെ 95 ശതമാനവും നാമക്കൽ ജില്ലയാണ് സംഭാവന ചെയ്യുന്നത്, കാരണം ഇവിടെ ഉൽപ്പാദിപ്പിക്കുന്ന മുട്ടകൾക്ക് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളതിനേക്കാൾ മികച്ച ഗുണനിലവാരമുണ്ട്. “കടും മഞ്ഞ മഞ്ഞക്കരുവും കുറഞ്ഞ ഡെലിവറി സമയവും കാരണം ഖത്തർ പോലുള്ള രാജ്യങ്ങൾ ഇന്ത്യൻ മുട്ടകൾക്ക് മുൻഗണന നൽകുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കേരളത്തിലെ കൊച്ചി തുടങ്ങിയ തുറമുഖങ്ങളുടെ സാമീപ്യവും ഇതിന് സഹായകരമാണ്,” ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.

എന്നാൽ ഖത്തറിലെ മുട്ട വിപണിയിൽ തുർക്കി കടുത്ത എതിരാളിയായി ഉയർന്നു. തുർക്കിയിൽ നിന്നുള്ള മുട്ടകൾക്ക് വില കൂടുതലാണ്. നാമക്കലിൽ നിന്നുള്ള 360 മുട്ടകളടങ്ങിയ ഒരു കാർട്ടന് 28 ഡോളറാണ് വില. അതേസമയം, തുർക്കിഷ് മുട്ടകൾക്ക് ഒരു കാർട്ടന് കുറഞ്ഞത് 5 ഡോളർ കൂടുതൽ നൽകണം. എന്നിരുന്നാലും തുർക്കി മുട്ടകൾക്ക് ഖത്തർ വിപണിയിൽ പ്രിയം കൂടിവരികയാണെന്ന് സെന്തിൽ പറഞ്ഞു.

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ടേബിൾ മുട്ടകൾക്ക് സാധാരണയായി 50 മുതൽ 60 ഗ്രാം വരെ മാത്രമാണ് ഭാരമെന്ന് പൗൾട്രി ഫാർമേഴ്സ് ഫെഡറേഷൻ സെക്രട്ടറി എൻ കെ ശരവണൻ പറഞ്ഞു.

Comments


Page 1 of 0