// // // */
ഈയുഗം ന്യൂസ്
November 06, 2024 Wednesday 09:01:41pm
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച നടന്ന റഫറണ്ടത്തിൽ 89% വോട്ടർമാർ ഭരണഘടനാ ഭേദഗതികൾ അംഗീകരിച്ചതായി ആഭ്യന്തര മന്ത്രിയും ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു.
9.2% വോട്ടർമാർ ഭരണഘടനയിലെ ഭേദഗതികൾ നിരസിച്ചു, 1.8% വോട്ടുകൾ അസാധുവായെന്നും മന്ത്രി പറഞ്ഞു.
84% ആയിരുന്നു വോട്ടിംഗ് ശതമാനം. അതായത് വോട്ട് ചെയ്യാൻ അർഹതയുള്ള 84 ശതമാനം ഖത്തറികളും റെഫറണ്ടത്തിൽ വോട്ട് രേഖപ്പെടുത്തി.
ഖത്തർ ഭരണഘടനയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ സംബന്ധിച്ച് ഖത്തർ പൗരന്മാരുടെ അഭിപ്രായം അറിയുന്നതിനാണ് ഹിതപരിശോധന നടത്തിയത്. യെസ് അല്ലെങ്കിൽ നോ എന്നീ ചോദ്യങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഖത്തർ പാർലമെൻ്റായ ശൂറ കൗൺസിലിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുതിരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു ഭരണഘടനയിലെ പ്രധാന ഭേദഗതി. ശൂറാ കൗൺസിലിലെ അംഗങ്ങളെ ഇനി അമീർ നോമിനേറ്റ് ചെയ്യും, പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
വോട്ടെടുപ്പിൻ്റെ വിജയം ആഘോഷിക്കുന്നതിനായി അമീരി ദിവാൻ ബുധനാഴ്ചയും വ്യാഴാഴ്ചയും ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരുന്നു.