// // // */
ഈയുഗം ന്യൂസ്
November 05, 2024 Tuesday 02:30:31pm
ദോഹ: ഖത്തറിൽ ഇന്ന് നടക്കുന്ന ഹിതപരിശോധനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും ഫാദർ അമീറും മന്ത്രിമാരും പ്രമുഖരും പൗരന്മാരും വോട്ട് ചെയ്തു.
ഖത്തറിന്റെ ഭരണഘടനയിൽ വരുത്തിയ ചില ഭേദഗതികൾ അംഗീകരിക്കുന്നതിനാണ് ഹിതപരിശോധന നടത്തുന്നത്. ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കുന്നു അല്ലെങ്കിൽ അംഗീകരിക്കുന്നില്ല എന്നീ രണ്ട് ചോദ്യങ്ങളിൽ യെസ് ഓർ നോ വോട്ടാണ് രേഖപ്പെടുത്തേണ്ടത്.
ഖത്തറിലെ പാര്ലമെന്റ് ആയ ശുറാ കൌൺസിലിലേക്ക് കഴിഞ്ഞ പ്രാവശ്യം നടത്തിയ പൊതുതിരഞ്ഞെടുപ്പ് ഇനിമുതൽ നിർത്തലാക്കി ശുറാ കൌൺസിൽ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതാണ് ഭരണഘടനയിൽ വരുത്തിയ പ്രധാന ഭേദഗതി.
മുഷൈരിബിലെ പോളിംഗ് സ്‌റ്റേഷനിലാണ് അമീർ വോട്ട് രേഖപ്പെടുത്തിയത്. ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
രാവിലെ 11:മണിക്ക് പോളിങ് 51 ശതമാനത്തിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വോട്ടുകൾ ബാലറ്റ് വഴിയും മെട്രാഷിലൂടെ ഇലക്ട്രോണിക് ആയും രേഖപ്പെടുത്താം.
ഹിതപരിശോധന കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം ഫലം പ്രഖ്യാപിക്കും.