// // // */ E-yugam


ഈയുഗം ന്യൂസ്
October  16, 2024   Wednesday   06:25:06pm

news



whatsapp

മുഹമ്മദ്‌ ഫൈസൽ പുളിക്കൽ

ദോഹ: നാടിനോടും മണ്ണിനോടുമുള്ള പ്രവാസികളായ ഒരുകൂട്ടം കലാകാരൻമാരുടെ സ്നേഹവും താത്പര്യവും കൊണ്ടുചെന്നെത്തിച്ചത് പഴയനാടന്‍ പാട്ടുകളിലായിരുന്നു. ഒഴിവു ദിനങ്ങൾ ആനന്ദമാക്കൻ തുടങ്ങിയ ചെറിയ നാടന്‍ പാട്ടുകൾ പിന്നീട് വിവിധ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള കൈതോല നാടൻ പാട്ടു സംഘത്തിന്റെ രൂപീകരണത്തിൽ എത്തിച്ചേർന്നു!!.

ബദറുദ്ദീൻ ചാവക്കാടിന്റെ വീട്ടിൽ ഇരുന്നു രാഹുൽ കല്ലിങ്ങൽ, ഫൈസൽ പട്ടാമ്പി നന്ദകുമാർ ആലപ്പുഴ, ഷംസുദ്ദീൻ ചെർപ്പുളശ്ശേരി, ഷറഫു പരുതൂർ, കൃഷ്ണ കുമാർ കെ കെ, എന്നിവർ തുടങ്ങിയ നാടൻ പാട്ട് സംഘം ഇന്ന് ഖത്തറിൽ 200നു മുകളിൽ സ്റ്റേജുകളിൽ അവതരിപ്പിച്ചു.അൽ ഖോർ മുതൽ ദുഖാൻ വരെ കൈതോല ടീം എത്തി. അങ്ങിനെ ഖത്തറിൽ വിജയകരമായി ഏട്ടു വര്‍ഷം പിന്നിടുകയാണ് ഇപ്പോൾ കൈതോല നാടൻ പാട്ടു സംഘം.

ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം കലാകാരന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയ നാടന്‍പാട്ട് സംഘം നാടിന്റെ തനിമയാണ് മറുനാടിന് പകര്‍ന്നു കൊടുക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള തനത് ശൈലിയിലുള്ള നാടന്‍പാട്ടുകള്‍ കൂട്ടിയിണക്കി മണിക്കൂറുകൾ നീളുന്ന ഒരു ദൃശ്യ ആവിഷ്കാരമാണ് അവതരിപ്പിക്കുന്നത്.

ഓരോ നാടന്‍പാട്ടും ഓരോ പ്രദേശത്തിന്റെയും ശീലങ്ങളും പാരമ്പര്യവുമാണ് പുതുതലമുറയ്ക്ക് കൈമാറുന്നത്. നാടും നാട്ടീണവും ഉള്ളിലാവാഹിച്ച് നാടന്‍ പാട്ടുകളോട് അഭിനിവേശമുള്ള യുവതീ യുവാക്കളാണ് കൈതോല ടീമിൽ മുന്നിട്ടിറങ്ങിയത്. നാടന്‍ പാട്ടിനോട് താത്പര്യമുള്ള ഒട്ടേറെപ്പേര്‍ ഈ പ്രവസത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ നാടന്‍ പാട്ടു സംഘം വിപുലീകരിച്ചു .

എല്ലാ വേദികളിലും വ്യത്യസ്ത നാടൻ പാട്ടുകള്‍ അവതരിപ്പിക്കുന്ന ഞങ്ങൾ നാടന്‍ പാട്ടിന്റെ തനത് ശൈലി നിലനിര്‍ത്താന്‍ ശ്രമിച്ചു. നാഗ പാട്ട് .നാവൂർ പാട്ടു, ചവിട്ട് കളി പാട്ട് തുടങ്ങി,നാടന്‍ പാട്ടുകളോടൊപ്പം നാടന്‍ ദൃശ്യങ്ങളും കൂട്ടിയിണക്കിയിട്ടുണ്ട്.

തെയ്യം, ദാരികന്‍, കുമ്മാട്ടിക്കളി, വെളിച്ചപ്പാട് തുടങ്ങിയ കലാരൂപങ്ങളുടെ ദൃശാവിഷ്‌കാരവും ചെണ്ട, തവില്‍, മുളന്തുടി, ചിലമ്പ് എന്നിവയുടൈ ചടുല താളത്തിനൊത്ത പദചലനങ്ങളും നാടന്‍ പാട്ടുകള്‍ക്ക് മാറ്റുകൂട്ടുന്നു. കേരളപ്പഴമയുടെ പാട്ടുകളും ശീലുകളും ഖത്തർ മലയാളികളുടെ ഇടയിലും വളർന്നു വരുന്ന പുതുതലമുറയ്ക്കും പരിചയപ്പെടുത്താനും കൈമാറ്റം ചെയ്യാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്‌

നാടന്‍ പാട്ടുകള്‍ കേരളത്തിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും നേര്‍ പകര്‍പ്പാണ്.

ചരിത്രപരമായി ജനങ്ങള്‍ അനുഭവിച്ചുവന്ന പീഡനങ്ങളും സങ്കടങ്ങളുമെല്ലാം നാടന്‍ പാട്ടുകളില്‍ അടങ്ങിയിട്ടുണ്ട്‌. പുതുതലമുറയ്ക്ക് പോയകാല ചരിത്രം അറിയാനുള്ള സാഹചര്യമുണ്ടാകണം നാടന്‍ പാട്ടുകള്‍ നിലനില്‍ക്കുകയും വേണം. അതിനു ഒരുവസരം കൂടിയാണ് ഞങ്ങളുടെ ഈ സംഘം.

ഖത്തറിലെ മലയാളി സംഘടനകള്‍ തന്നെയാണ് നാടന്‍പാട്ടുസംഘത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. ഈ കാലയളവിൽ ഖത്തറിൽ 200-ഓളം വേദികളിൽ ഞങ്ങളുടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു, ഇനിയും അവസരങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ക്യു മലയാളം ഖത്തർ, കോഴിക്കോട് മഹോത്സവം, നിലമ്പൂർ പാട്ടുത്സവം, പട്ടാമ്പി കൂട്ടായ്മ,കൂറ്റനാട് ജനകിയോത്സവം,കാസർകോട് കൂട്ടായിമ ,ഇൻകാസ് ഖത്തർ,ദുക്കൻ മലയാളി സമാജം,ജോജു ഫാൻസ്‌, വേൾഡ് മലയാളി കൌൺസിൽ, സ്കൈ മീഡിയ, തൃശൂർ ജില്ലാ സൗഹൃദ വേദി, കോട്ടയം, ഇടുക്കി അസോസിയേഷൻ, അനക്സ് ഖത്തർ തുടങ്ങി പ്രമുഖ സംഘടനകളുടെ പ്രോഗ്രാമുകളിൽ കൈതോല നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകൾ ജനശ്രദ്ധ പിടിച്ചു പറ്റി...

ആദ്യമായി 2016 ൽ ക്യു മലയാളം ഖത്തറിന്റെ വേദിയിൽ നിന്നും തുടങ്ങി പിന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ഖത്തറിൽ സ്വീകരിണം നൽകിയ പ്രോഗ്രാം,സീസൻസിന്റെ ലോഞ്ചിങ് പ്രോഗ്രാമിലും കൈതോല ടീം നാടൻ പാട്ടുകൾ അവതരിപ്പിച്ചു പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.ആ യാത്ര ഇന്ന് നാടൻ പാട്ടിന്റെ കേരളത്തിന്റെ അഭിമാനം കലാഭവൻ മണിക്ക് ശേഷം വന്ന താരം പ്രസീത ചാലക്കുടിയുടെ കൂടെ അശോക ഹാളിൽ 2 മണിക്കൂർ പ്രോഗ്രാം അവതരിപ്പിച്ച് ഖത്തർ മലയാളികളുടെ കയ്യടി വാങ്ങി ടീം കൈതോല.

ഒരു ചെറിയ സംഘത്തിൽ നിന്നും 30 ഓളം കലാകാരൻമാർ ഉള്ള വലിയ ഒരു ടീം ആയി മാറി ഈ കാലയളവിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ഞങ്ങളുടെ ടീമിന്റെ പരിശീലനം അവധി ദിവസങ്ങളില്‍ അംഗങ്ങളുടെ വീടുകളില്‍ വെച്ചാണ് നടത്താറുള്ളത്‌.ആളുകൾ കൂടി വാദ്യ ഉപകാരണങ്ങൾ കൂടിയപ്പോൾ ഇപ്പോൾ കലാ ക്ഷേത്രയിൽ ആണ് പരിശീലനം. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ വളരെ നല്ല കൂട്ടായ്മയോടെ ഒന്നിച്ചു ഞങ്ങളുടെ ജൈത്രയാത്ര മുന്നേറുന്നു.

മുൻപ് ഉണ്ടായിരുന്ന കുറെ ആളുകൾ നാട്ടിൽ പോയെങ്കിലും പുതിയ ആളുകളുമായി ടീം കൈതോല വേദികൾ നിറഞ്ഞാടുന്നു.നാട്ടിലെ പ്രശസ്ത നാടൻപാട്ട് സംഘമായ കരിന്തല കൂട്ടത്തിൽ നിന്നും രജീഷ് കരിന്തലക്കൂട്ടം, നാടൻ പാട്ടിന്റെ കേരളത്തിന്റെ ശബ്ദം കലാഭവൻ മണിയുടെ പെങ്ങളുടെ മകൻ പവി ചാലക്കുടിയും,തന്റേതായ തനത് ശൈലിയിൽ നാടൻപാട്ട് എഴുതിയും മ്യൂസിക് ചെയ്തു. ഒരുപാട് നാടൻ പാട്ടുകൾ ഇറക്കി ജനശ്രദ്ധ നേടിയ കലാകാരൻ ആണ് ഞങ്ങളുടെ പ്രിയ കലാകാരൻ രാഹുൽ. ഖത്തറിലെ സ്റ്റേജുകളിൽ നൃത്തച്ചുചൂടുകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആതിര ടീച്ചറും ഖത്തറിലെ വാനമ്പാടി ലക്ഷ്മി നിഷാദ് ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു കരുത്താണ്,

ഖത്തറിലെ രണ്ട് പ്രശസ്ത ചെണ്ടമേളം ടീമുകളിലെ ആശാന്മാരായ അജീഷും ശ്രീദേവി കൃഷ്ണയും ഞങ്ങളുടെ വാദ്യകലാകാരന്മാരാണ്, അവരുടെ കൂടെ ഹിരൻ ആൻഡ് ലമിറ്റോ, ഗോകുൽ,ചേരുമ്പോൾ കൊട്ടിന്റെ കരുത്തു കൂടും

ഈ സംഘത്തിന്റെ അരങ്ങിലും അണിയറിയിലും മുൻ കാലങ്ങളിൽ ഉള്ളവർ തന്നെആണ് ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും പ്രോഗ്രാം കോഡിനേറ്ററുമായ നന്ദു ജി നായർ നേതൃത്വം നൽകുന്ന ഈ ടീമിൽ രാഹുൽ കല്ലിങ്കൽ,മുഹമ്മദ് ഫൈസൽ പുളിക്കൽ, ,ഷറഫുദ്ദീൻ പരുദൂർ, ഷംസ് കീഴാടയിൽ,ലമിറ്റോ,രജീഷ് കരിന്തല കൂട്ടം, സുഫീൽ, വിഘ്‌നേശ് അജീഷ്, ശ്രീദേവ് കൃഷ്ണ , ഹിരൻ, അരുൺകുമാർ , അനീഷ്, സുരേഷ്, സുസ്മിത,ശ്രുതി രജീഷ്, ആതിര,സൗമ്യ, പവി ചാലക്കുടി,അനുശ്രീ, ബദറുദ്ധീൻ,ലക്‌ഷമി നിഷാദ്‌,നിഷാദ് ബാലകൃഷ്ണൻ, അനിൽ,ജെസ്‌ന സുഭാൽ, ഷഹീൻ,ഋഷിജിത്ത്, ഹിബ ബിനോയ്‌,ഗോകുൽ ,തുടങ്ങിയവരാണ് . ചെണ്ട-തുടി കൈമണി , തകിൽ,തുടങ്ങി എല്ലാ വാദ്യോപകരണങ്ങൾ ഇവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

ഖത്തറിലെ ഒരുപാട് കലാകാരന്മാർക്ക് അവസരം കൊടുത്ത ഒരു ടീമാണ് കൈതോല നാടൻപാട്ട് സംഘം. വളർന്നുവരുന്ന നാടൻ പാട്ട് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ഒരു ഉദ്ദേശവും കൂടി ഞങ്ങളുടെ സംഘത്തിന് ഉണ്ട്, ഇപ്പോൾ നമ്മുടെ കുട്ടികൾ ഒപ്പം ആടിയും പാടിയും തുടങ്ങിയിരിക്കുന്നു

പ്രേക്ഷകരെ കൂടെ കൂട്ടിയാണ് പാട്ടുകള്‍ പാടുക. മണിക്കൂറുകൾ എല്ലാവരും എല്ലാംമറന്ന് നാടന്‍പാട്ടുകളില്‍ മുഴുകുകയാണ്. അതോടൊപ്പം പ്രവാസത്തിന്റെ വീർപ്പുമുട്ടിയ ജീവിത ശൈലിയിൽ നിന്ന് നാടിന്റെ പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്കും.

Comments


Page 1 of 0