// // // */
ഈയുഗം ന്യൂസ്
October 09, 2024 Wednesday 03:55:43pm
ദോഹ: ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഇറാനെതിരെ ഉപയോഗിക്കാൻ അനുവദിച്ചാൽ അത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ നേരിട്ട് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ തിരിച്ചടിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഈ സന്ദേശം കൈമാറാനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൗദി അറേബ്യയും ഖത്തർ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുകയാണെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വ്യോമാതിർത്തി ഉപയോഗിച്ചോ സൈനിക താവളങ്ങൾ ഉപയോഗിച്ചോ ടെഹ്‌റാനെതിരെ ഒരു അറബ് ഗൾഫ് രാജ്യം നടത്തുന്ന ഏത് നടപടിയും, മുഴുവൻ ജിസിസി ഗ്രൂപ്പും എടുത്ത നടപടിയായി ടെഹ്‌റാൻ കണക്കാക്കുമെന്നും ടെഹ്‌റാൻ അതിനനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കരുതെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെല്ലാം യു.എസ് സൈനിക താവളങ്ങൾ ഉണ്ട്. എപ്പോൾ വേണമെങ്കിലും ഇറാനെതിരെ ഇസ്രായേൽ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രദേശം മുഴുവൻ യുദ്ധഭീതിയിലാണ്.