// // // */ E-yugam


ഈയുഗം ന്യൂസ്
September  27, 2024   Friday   02:51:58pm

news



whatsapp

ദോഹ: മാസങ്ങൾ നീണ്ടുനിന്ന കഠിനപ്രയത്നങ്ങൾക്കും ധനസമാഹരണങ്ങൾക്കും ശേഷം മൽഖാ റൂഹിക്ക് ജീവൻരക്ഷാ ഇൻജെക്ഷൻ നൽകിയത് ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ, അനുകമ്പയുടെയും സ്നേഹത്തിന്റെയും വിജയമായി വിലയിരുത്തപ്പെടുന്നു.

ടൈപ്പ് 1 സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗം ബാധിച് നിസ്സഹായാവസ്ഥതയിൽ കഴിയുന്ന വാർത്ത പുറത്തുവന്നതുമുതൽ മലയാളികളുടെ നൊമ്പരമായിരുന്നു മൽഖാ റൂഹി എന്ന ബാലിക.

മൽഖ റൂഹിയുടെ ചികിത്സയ്‌ക്കായി 11.65 മില്യൺ ഖത്തർ റിയാലാണ് ചെലവ് പ്രതീക്ഷിച്ചത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചാരിറ്റി ഡ്രൈവ് ഭീമമായ സംഖ്യ സമാഹരിച്ചു.

മാധ്യമങ്ങൾ, മലയാളി സംഘടനകൾ, വ്യക്തികൾ, വ്യവസായികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് എല്ലാവരും മൽഖയെ സഹായിക്കാൻ ഒരുമിച്ചു. ധനസമാഹരണത്തിനായി നിരവധി സംഘടനകൾ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള സിദ്ര മെഡിസിൻ ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് ജീവൻ രക്ഷാ കുത്തിവയ്പ്പ് മൽഖ റൂഹിക്ക് നൽകിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

സഹായിച്ച എല്ലാവർക്കും പത്രക്കുറിപ്പിലൂടെ മൽഖാ റൂഹിയുടെ മാതാപിതാക്കളായ റിസാൽ അബ്ദുൾ റഷീദും നിഹാല നിസാമും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

"ഖത്തറിലെയും ഖത്തർ ചാരിറ്റിയുടെയും സിദ്ര മെഡിസിനിലെ മികച്ച മെഡിക്കൽ ടീമിൻ്റെയും ഉദാരതക്കും ദയക്കും വാക്കുകളിൽ നന്ദി പറയാൻ സാധിക്കില്ലെന്ന് ഇരുവരും പറഞ്ഞു.

"അൽഹംദുലില്ലാഹ്, ഞങ്ങളുടെ കുഞ്ഞിന് ഈ ജീവൻ രക്ഷാ മരുന്ന് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഖത്തർ ചാരിറ്റിയുടെ പിന്തുണ കാരണം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ സാധിച്ചു. ഈ യാത്രയിൽ ഞങ്ങളെ സാമ്പത്തികമായും വൈകാരികമായും പിന്തുണച്ചതിന് കമ്മ്യൂണിറ്റിയെ നന്ദി അറിയിക്കുന്നു. ഖത്തറിൽ ഇത്തരമൊരു അത്ഭുതകരമായ പരിചരണം ലഭ്യമാക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം അനുഗ്രഹവും ഭാഗ്യവും തോന്നുന്നു. മൽഖയ്ക്ക് അവസരം നൽകിയതിന് നന്ദി. ഈ മനോഹരമായ കഥ മൽഖയുമായി ഞങ്ങൾ ഒരു ദിവസം പങ്കുവെക്കും - അവളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ഒത്തുചേർന്നതെങ്ങനെയെന്നും അവൾക്ക് നൽകിയ സ്നേഹത്തെക്കുറിച്ചും - നിങ്ങൾക്ക് ഞങ്ങളുടെ അഗാധമായ സ്നേഹവും നന്ദിയും ഉണ്ട്," റിസാൽ അബ്ദുൾ റഷീദും നിഹാല നിസാമും പറഞ്ഞു.

ഞങ്ങളുടെ ഹോസ്പിറ്റലിൽ എസ്എംഎ ഉള്ള 50 ഓളം കുഞ്ഞുങ്ങൾക്ക് ഞങ്ങൾ വിജയകരമായി മരുന്ന് നൽകി," സിദ്ര മെഡിസിനിലെ സീനിയർ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഖാലിദ് ഇബ്രാഹിം പറഞ്ഞു.

Comments


Page 1 of 0